ഗസ്സയിൽ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് കരാർ ലംഘിച്ചെന്ന്
text_fieldsബിന്യമിൻ നെതന്യാഹു
ജറൂസലം: ജറൂസലം: അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാതെ, ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ഹമാസ് വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്‍റെ ഉത്തരവ്.
തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനികർക്കെതിരെ നടന്ന ആക്രമണവും ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലുള്ള കാലതാമസവും ചൂണ്ടിക്കാട്ടിയ നെതന്യാഹു, ഹമാസ് തുടർച്ചയായി കരാർ ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നേരത്തെ, ഹമാസ് വിട്ടുനൽകിയ ബന്ദികളുടെ മൃതദേഹങ്ങളിലൊന്ന് രണ്ടു വർഷം മുമ്പ് ഇസ്രായേൽ സേന വീണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹ ഭാഗങ്ങളാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു.
ഗഒഫിർ സാർഫതി എന്നയാളുടെ മൃതദേഹ ഭാഗങ്ങളാണ് ലഭിച്ചതെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. 2023 നവംബറിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ഇസ്രായേൽ സേന കണ്ടെടുത്തിരുന്നു. വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഹമാസ് നടത്തിയതെന്ന് നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന്റെ പ്രതികരണം തീരുമാനിക്കുന്നതിന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചുചേർത്തു. പിന്നാലെയാണ് ഗസ്സയിൽ ഉടൻ തന്നെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകിയത്.
യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സ സമാധാന കരാർ നിലവിൽ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ 250 ഫലസ്തീൻകാരെയും ഗസ്സയിൽനിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു.
ഇതിനിടെ ഇസ്രായേൽ 125 തവണ കരാർ ലംഘിച്ചെന്ന് ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫിസ് കുറ്റപ്പെടുത്തിയിരുന്നു. 94 ഫലസ്തീനികളെയാണ് കരാർ കാലയളവിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്.
13 ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് ഇസ്രായേലിന് കൈമാറാനുണ്ട്. അതേസമയം, മൃതദേഹങ്ങൾ വീണ്ടെടുക്കാൻ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ സംഘത്തിന്‍റെ സഹായവും വേണമെന്ന് ഹമാസ് ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഇന്ന് രാത്രി എട്ടിന് തീരുമാനിച്ചിരുന്ന ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് താൽക്കാലികമായി മാറ്റിവെച്ചു. ഗസ്സയിൽ ആക്രമണം നടത്തുമെന്ന ഇസ്രായേൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹമാസിന്‍റെ തീരുമാനം. അധിനിവേശകർ വെടിനിർത്തർ കരാർ ലംഘിച്ചതിനുള്ള മറുപടിയാണിതെന്ന് ഹമാസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

