നെതന്യാഹു യുദ്ധക്കുറ്റവാളി, അറസ്റ്റ് ചെയ്യാൻ തന്റെ കീഴിലുള്ള പൊലീസിന് അധികാരമുണ്ടോ എന്നറിയില്ല - സൊഹ്റാൻ മംദാനി
text_fieldsന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിചാരണ നേരിടാൻ അദ്ദേഹം ഹേഗിലാണ് ഉണ്ടാകേണ്ടതെന്നും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. വരാനിരിക്കുന്ന യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു സെപ്റ്റംബറിൽ ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് മേയറുടെ ശക്തമായ പ്രതികരണം.
അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇതിനകം തന്നെ നെതന്യാഹുവിനെതിരെ കുറ്റപത്രം ചുമത്തിയിട്ടുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടി. ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നെതന്യാഹുവിനെപ്പോലൊരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാൻ തന്റെ കീഴിലുള്ള ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ പൂർണമായ വ്യക്തതയില്ലെന്നും മേയർ പറഞ്ഞു. ഈ വിഷയത്തിൽ നഗരത്തിലെ നിയമ വകുപ്പുമായി സജീവമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബറിലെ നെതന്യാഹുവിന്റെ സന്ദർശനത്തിന് മുന്നോടിയായി മേയർ നടത്തിയ ഈ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ഇസ്രായേൽ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന രഹസ്യ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ദിവസങ്ങൾക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു. പ്രശസ്ത പോഡ്‌കാസ്റ്ററായ ജോ റോഗന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇസ്രായേലിനെതിരെ ആഞ്ഞടിച്ചത്. അമേരിക്കൻ പൊതുജനാഭിപ്രായം മാറ്റിമറിച്ച് ഇറാനുമായുള്ള യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഇസ്രായേൽ ഭരണകൂടത്തിലെ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‘ടൈം’ മാഗസിൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വാൻസ് പ്രതികരിച്ചത്. മുൻ ട്രംപ് കാമ്പയിൻ മാനേജറായ ബ്രാഡ് പാസ്‌കെയിലിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സർക്കാരിന്റെ ഫണ്ടുപയോഗിച്ച് അമേരിക്കയിലെ യുവ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ ഇസ്രായേൽ അനുകൂല സ്വാധീന പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്ലോക്ക് ടവർ എക്സ് എന്ന പാസ്‌കെയിലിന്റെ കമ്പനിക്കാണ് ഇതിനായി പണം ലഭിച്ചത്. യു.എസ് ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് രേഖകൾ ഉദ്ധരിച്ചായിരുന്നു ടൈം റിപ്പോർട്ട്.
ഓൺലൈനിലെ യഹൂദ വിരുദ്ധത ചെറുക്കുക എന്ന പേരിലാണ് ഈ കാമ്പയിൻ ആരംഭിച്ചതെങ്കിലും, യുവ യാഥാസ്ഥിതികർ ഇസ്രായേലിന് എതിരാകുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തെ വിമർശിച്ച് യാഥാസ്ഥിതിക ഇൻഫ്ലുവൻസർമാർ ഒരേസമയം പോസ്റ്റുകൾ പങ്കുവെച്ചത് ഈ കാമ്പയിന്റെ ഭാഗമാണെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയിരുന്നു.
ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ വാൻസ് ഈ വിഷയം അഭിമുഖത്തിൽ ഉന്നയിക്കുകയായിരുന്നു. ‘സാമൂഹിക മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയുമാണ് അവർ എന്നെ നിരന്തരം ആക്രമിക്കുന്നത്. ഇറാനുമായി ചർച്ച പാടില്ലെന്നും സൈനിക നടപടി തുടരണമെന്നുമാണ് അവരുടെ ആവശ്യം. ഞാൻ ഖത്തറിന്റെ സ്വാധീനത്തിലാണെന്നും, ടക്കർ കാൾസൺ പറയുന്നതാണ് ഞാൻ അനുസരിക്കുന്നതെന്നും തുടങ്ങി നിരവധി അസംബന്ധങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്’ -വാൻസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

