‘നെതന്യാഹു അധികാരത്തിൽ തുടരുന്നത് അപകടം’; മുന്നണിയിൽ ഭിന്നത രൂക്ഷം, ഐക്യസർക്കാർ ചർച്ചകൾ തുടരുന്നു
text_fieldsജറുസലേം: ഇസ്രായേലിൽ ദേശീയ ഐക്യസർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനായി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഞായറാഴ്ച വീണ്ടും യോഗം ചേരും. വ്യാഴാഴ്ചയാണ് ലിക്കുഡ് പാർട്ടി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും, ഐക്യനീക്കങ്ങളോട് ഐസൻകോട്ട് മുന്നണി സഹകരിക്കുന്നില്ലെന്ന് ലിക്കുഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ദേശീയ ഐക്യത്തിനായി തങ്ങൾ നിരന്തരം കൈനീട്ടുമ്പോൾ, ഐസൻകോട്ടും ഇടതുപക്ഷ മുന്നണിയും കാഴ്ചയ്ക്കായി മാത്രം പ്രവർത്തിക്കുകയാണെന്നും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അഭ്യർഥനകൾ അവഗണിക്കുകയാണെന്നും ലിക്കുഡ് ആരോപിച്ചു.
നിയമനിർമ്മാണങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ലിക്കുഡിലെ അമീർ ഒഹാനയെ നെസെറ്റ് സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കാനും അറബ് പാർട്ടികളുടെ പിന്തുണയെ ആശ്രയിച്ചതിനെയും ലിക്കുഡ് വിമർശിച്ചു. എങ്കിലും, ദേശീയ ഐക്യമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നതിനാൽ ഞായറാഴ്ച ചർച്ചാ സംഘങ്ങൾ വീണ്ടും യോഗം ചേരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുന്നണിക്ക് കേവലഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെയാണ് ഐക്യസർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ സജീവമായത്. കഴിഞ്ഞ ഞായറാഴ്ച യാഷർ, ബി യാചാദ്, ലിക്കുഡ് പ്രതിനിധികൾ തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും സംഭാഷണങ്ങൾ തുടരുമെന്നും ലിക്കുഡും യാഷറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
അതിനിടെ, ബുധനാഴ്ച ബി യാചാദ് നേതാവ് നഫ്താലി ബെന്നറ്റും നെതന്യാഹുവും നെസെറ്റിൽ വെച്ച് രണ്ട് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഐസൻകോട്ടിനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയായിരുന്നു ഇതെന്ന് ലിക്കുഡ് വിശദീകരിച്ചെങ്കിലും, ഐക്യസർക്കാർ നീക്കങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാണ്. ഐക്യസർക്കാരിന്റെ ഘടനയെക്കുറിച്ചോ സ്വന്തം നിലപാടിനെക്കുറിച്ചോ ബെന്നറ്റ് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഈ സാധ്യത ഗൗരവമായി പരിഗണിക്കാൻ അദ്ദേഹം മുന്നണിയിലെ മറ്റ് നേതാക്കളോട് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. നെതന്യാഹുവുമായി ചേരുന്ന റൊട്ടേഷൻ സർക്കാരിൽ ആദ്യം ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്നതിനെ ബെന്നറ്റ് പിന്തുണച്ചതായും ചാനൽ 12 റിപ്പോർട്ട് ചെയ്തു.
എന്നാൽ, നെതന്യാഹുവിനെ മാറ്റിനിർത്തിക്കൊണ്ടുള്ള സർക്കാരാണ് രൂപീകരിക്കേണ്ടതെന്നും അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കണമെന്നുമുള്ള നിലപാടിൽ ബി യാചാദ് പട്ടികയിലെ രണ്ടാമനായ യെയർ ലാപിഡ് വ്യാഴാഴ്ചയും ഉറച്ചുനിന്നു. നെതന്യാഹുവിനെ എത്രയും വേഗം അധികാരത്തിൽ നിന്ന് നീക്കാതിരിക്കുന്നത് ഇസ്രായേൽ ജനതയ്ക്ക് വലിയ അപകടമാണെന്നും രാജ്യത്തെ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധിക്ക് അറുതിവരുത്തുന്ന സർക്കാരാണ് വേണ്ടതെന്നും ലാപിഡ് വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ബെന്നറ്റ് മാധ്യമങ്ങളോട് സംസാരിച്ചില്ല.
നെതന്യാഹുവിനൊപ്പം ഒരു ഐക്യസർക്കാരിൽ ചേരുന്നതിനുള്ള സാധ്യത മുന്നണിയിലെ മറ്റ് പ്രധാന നേതാക്കളായ ഡെമോക്രാറ്റ്സ് ചെയർമാൻ യെയർ ഗൊലാനും ഇസ്രായേൽ ബെയ്റ്റെനു നേതാവ് അവിഗ്ദോർ ലിബർമാനും തള്ളിയിട്ടുണ്ട്. നെതന്യാഹു നയിക്കുന്ന സർക്കാരിൽ പങ്കാളിയാകില്ലെന്ന നിലപാടാണ് ഐസൻകോട്ടും നേരത്തെ സ്വീകരിച്ചിരുന്നത്. നവംബർ എട്ടിന് പ്രസിഡന്റ് ഐസക് ഹെർസോഗിൽ നിന്നാണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ദൗത്യം ഐസൻകോട്ടിന് ലഭിച്ചത്. 28 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കണം. ആവശ്യമെങ്കിൽ 14 ദിവസത്തെ നീട്ടി നൽകാനും വ്യവസ്ഥയുണ്ട്. ഒക്ടോബർ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ മാറ്റാൻ ലക്ഷ്യമിടുന്ന മുന്നണി 19 അറബ് പാർട്ടി സീറ്റുകൾ ഉൾപ്പെടെ 67 സീറ്റുകൾ നേടിയപ്പോൾ, നെതന്യാഹുവിന്റെ മുന്നണിക്ക് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

