അപ്രതീക്ഷിത തിരിച്ചടിയിൽ നെതന്യാഹു
text_fields‘ഗസയിൽ സമാധാനം സാധ്യമോ’ എന്ന വിഷയത്തിൽ സ്പെയിനിലെ ഓ ഗ്രോവിൽ നടന്ന സെമിനാറിൽ, ജറൂസലേമിലെ ഫലസ്തീൻ സന്നദ്ധപ്രവർത്തകനായ സമീർ അബ്ദുറസാഖുമായി സൗഹൃദം പങ്കിടുന്ന ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമർട്ട്. നെതന്യാഹു ഭരണകൂടത്തിന്റെ കടുത്ത വിമർശകനാണ് ഒൽമർട്ട്
ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിൽ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാർ വ്യവസ്ഥയോട് പ്രതികരിക്കാതെയും ‘വിശദാംശങ്ങളിൽ കൂടുതൽ ചർച്ച വേണ’മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്
ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ, വൈറ്റ്ഹൗസിൽ ട്രംപിനൊപ്പം നിന്ന് 20 ഇന യുദ്ധവിരാമ കരാർ പ്രഖ്യാപിക്കുമ്പോൾ മനസ്സിൽ കണ്ട കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതിന്റെ അപ്രതീക്ഷിത തിരിച്ചടിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘ഒന്നുകിൽ കരാർ സ്വീകരിച്ച് കീഴടങ്ങുക, അല്ലെങ്കിൽ നാശം വരിക്കുക’ എന്ന സന്ദേശം ഹമാസിന് നൽകി വിജയോന്മത്തനായി തെൽഅവീവിലേക്ക് വിമാനം കയറുകയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി. പക്ഷേ, അഞ്ചുദിവസത്തിനപ്പുറം ഹമാസിന്റെ തന്ത്രപരമായ പ്രതികരണത്തിൽ നെതന്യാഹുവിന് അടിതെറ്റി. അമൂർത്തമായ ഹമാസിന്റെ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതോടെയാണ് നെതന്യാഹു പെട്ടത്.
ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിൽ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാർ വ്യവസ്ഥയോട് പ്രതികരിക്കാതെയും ‘വിശദാംശങ്ങളിൽ കൂടുതൽ ചർച്ച വേണ’മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ചുരുക്കത്തിൽ, ആദ്യം അറബ് രാഷ്ട്ര നേതാക്കൾക്ക് മുന്നിൽ വെച്ച് ട്രംപ് അംഗീകാരം നേടിയ കരാറിനെ സ്വന്തം നിലക്ക് തിരുത്തിയ നെതന്യാഹുവിനോട് അതേനാണയത്തിൽ ഹമാസ് തിരിച്ചടിച്ചിരിക്കുന്നു. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞത്.
യു.എസിലെ റിപ്പബ്ലിക്കൻ സെനറ്ററും നെതന്യാഹുവിന്റെ ഉറ്റ ചങ്ങാതിയുമായ ലിൻഡ്സേ ഗ്രഹാമിന് കാര്യങ്ങളുടെ കിടപ്പുവശം നന്നായി മനസ്സിലായിട്ടുണ്ടെന്ന് അയാളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. അംഗീകരിച്ചുവെങ്കിലും തത്ത്വത്തിൽ ഹമാസ് കരാർ നിരസിച്ചിരിക്കുകയാണെന്ന് ഗ്രഹാം എക്സിൽ കുറിച്ചു. ‘‘നിരായുധീകരണമില്ല. ഗസ്സയെ ഫലസ്തീൻ നിയന്ത്രണത്തിൽ നിലനിർത്തുക, ബന്ദി മോചനത്തെ ചർച്ചകളുമായും മറ്റു പ്രശ്നങ്ങളുമായും കൂട്ടിക്കെട്ടുക. ‘സ്വീകരിക്കുക അല്ലെങ്കിൽ നശിക്കുക’ എന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശത്തോടുള്ള ഹമാസിന്റെ നിരാസമാണിത്.’’
യു.എസിലെ ഇസ്രായേലിന്റെ മുൻ അംബാസഡറായ മൈക്കൽ ഹെർസോഗും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ‘അതേ’ എന്ന ആവരണമിട്ട ‘അല്ല’ എന്ന സന്ദേശമാണ് ഹമാസ് നൽകുന്നതെന്നാണ് ഹെർസോഗിന്റെ പ്രതികരണം. ഇങ്ങനെയാണ് വസ്തുതയെന്നിരിക്കിലും ഹമാസിന്റെ പ്രസ്താവനയെ സർവാത്മനാ സ്വീകരിച്ച് ആക്രമണം നിർത്താൻ ഇസ്രായേലിനോട് നിർദേശിച്ച ട്രംപിന്റെ നടപടിയിലാണ് പലരും അത്ഭുതം രേഖപ്പെടുത്തുന്നത്.
ഹമാസിന്റെ പ്രസ്താവന വന്ന് പല മണിക്കൂറുകൾ കഴിഞ്ഞാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്. ‘മുഴുവൻ ബന്ദികളുടെയും അടിയന്തര മോചന’ത്തിന് രാഷ്ട്രം തയാറാണെന്നാണ് ഹമാസിന്റെ പ്രസ്താവനയെ പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. ഈ നിലപാടിനെ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ എങ്ങനെ സ്വീകരിക്കുമെന്നതും പ്രശ്നമാണ്. സമ്പൂർണ വിജയമില്ലാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാറിനെ വീഴ്ത്തുമെന്ന അവരുടെ ഭീഷണി നേരത്തേ നിലവിലുണ്ട്.
ഗസ്സ പൂർണമായി പിടിച്ചെടുക്കണമെന്ന അഭിപ്രായമുള്ളവരും ഈ കൂട്ടത്തിലുണ്ട്. ട്രംപിന്റെ കരാറിലാകട്ടെ ഇതിന് അനുഗുണമായ വ്യവസ്ഥകളൊന്നും ഇല്ലെന്നതുതന്നെ ആ ക്യാമ്പിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇസ്രായേലിന്റെ മേൽക്കൈ നഷ്ടപ്പെടുന്ന തരത്തിലുള്ള തീർപ്പിലേക്ക് പോകുമെന്ന സൂചനയും വരുന്നത്. ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യൻ, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

