ഇസ്രായേൽ സഖ്യസർക്കാർ രൂപീകരണം: ഐസൻകോട്ട് - നെതന്യാഹു ചർച്ച പരാജയം; വിട്ടുവീഴ്ചയ്‌ക്കില്ലാതെ ഇരു വിഭാഗവും
text_fieldsതെൽഅവീവ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ഇസ്രായേലിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനായി പ്രതിപക്ഷനേതാവ് ഗാഡി ഐസൻകോട്ടിന്റെയും കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും പാർട്ടികൾ തമ്മിൽ നടത്തിയ ചർച്ച പരാജയം. ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാത്തതിനെത്തുടർന്ന് ചർച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു. തെൽ അവീവിന് സമീപമുള്ള ഹെർസ്‌ലിയയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിലുള്ള ചർച്ച. ഇരുപാർട്ടിയിലേയും നേതാക്കൾ നാല് മണിക്കൂർ കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
സഖ്യ ചർച്ചകളുടെ ഏറ്റവും പുതിയ ഘട്ടം അവസാനിച്ചുവെന്നും നിരവധി പ്രധാന വിഷയങ്ങളിൽ ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും അവ വിശദമായി ചർച്ച ചെയ്യുകയും ചെയ്തതായും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ചർച്ച തുടരുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ തീയതിയോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരു ചേരികൾക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ്. ഒക്ടോബർ 27-ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുൻ സൈനിക മേധാവിയായ ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾ 19 സീറ്റും നേടിയിരുന്നു. ഇതോടെ പ്രതിപക്ഷത്ത് 67 സീറ്റ് ലഭിച്ചിരുന്നു. എന്നാൽ നെതന്യാഹു സഖ്യത്തിന് 53 സീറ്റ് മാത്രമാണ് ലഭിച്ചത്. അറബ് പാർട്ടികൾ ഐസൻകോട്ടിന് ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. ഇതോടെ ഐസൻകോട്ടിന് സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കുകയായിരുന്നു. ഡിസംബർ 6 വരെയാണ് ഐസൻകോട്ടിന് സമയം ലഭിച്ചത്. ഇത് 14 ദിവസത്തേക്ക് നീട്ടിനൽകാനും സാധ്യതയുണ്ട്.
കേവല ഭൂരിപക്ഷത്തിന് 61 തികക്കാൻ തീവ്ര യാഥാസ്ഥിതിക പാർട്ടികളുമായുള്ള സഖ്യം തേണമോ, അല്ലെങ്കിൽ അറബ് പാർട്ടികളുമായുള്ള അനുരഞ്ജനത്തിലൂടെയോ, അതോ ലിക്കുഡുമായി ചേർന്ന് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കണമോ എന്നതിൽ യാഷർ പാർട്ടിയിൽ ഭിന്നത നിലനിൽക്കുകയാണ്. പ്രധാനമന്ത്രി പദം പങ്കിടുന്ന രീതിയിലുള്ള ഒരു ദേശീയ ഐക്യ സർക്കാരിനാണ് നെതന്യാഹു ശ്രമിക്കുന്നത്.
അത്തരം ഒരു ക്രമീകരണം അഴിമതി ആരോപണങ്ങളിൽ നിന്ന് നെതന്യാഹുവിന് രാഷ്ട്രീയ സംരക്ഷണം നൽകുകയും 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് മുൻപുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിന് തടയിടാനും സഹായിക്കും. എന്നാൽ, നെതന്യാഹു നയിക്കുന്ന മന്ത്രിസഭയുടെ ഭാഗമാവാൻ ഐസൻകോട്ട് വിസമ്മതിക്കുന്നതാണ് സഖ്യരൂപീകരണത്തിന് തടസ്സമാകുന്നതെന്നാണ് വിവരം. വിശാലമായ സർക്കാർ രൂപീകരിക്കുന്നതിനുള്ള "ആത്മാർത്ഥമായ പ്രതിബദ്ധത" എന്ന നിലയിലാണ് ശനിയാഴ്ച യാഷർ ചർച്ചകൾ പുനരാരംഭിച്ചതെന്നാണ് യാഷർ പാർട്ടിയുടെ വിശദീകരണം. എല്ലാ സാധ്യതകളും പരിശോധിക്കാൻ ഐസൻകോട്ട് തന്റെ പ്രതിനിധികളോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ലിക്കുഡ് പാർട്ടി, അറബ് പാർട്ടികളുടെ പങ്കാളിത്തമില്ലാതെ, എല്ലാ ജൂത പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു. പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ തള്ളിക്കളയുക, സിറിയ, ലെബനൻ, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ ഇസ്രായേൽ നിയന്ത്രണം നിലനിർത്തുക എന്നിവയുൾപ്പെടെ നിരവധി പ്രധാന നയപരമായ നിലപാടുകളിലും ലിക്കുഡ് പാർട്ടി ധാരണ മുന്നോട്ടുവെക്കുന്നുണ്ട്.
ഇസ്രായേലിൽ അതീവ സെൻസിറ്റീവായ വിഷയമായ തീവ്ര യാഥാസ്ഥിതിക ജൂതന്മാരുടെ നിർബന്ധിത സൈനിക സേവനത്തിൽ ഒരു ഒത്തുതീർപ്പിനും അവർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.എന്നാൽ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച ഐസൻകോട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെന്റിൽ ഒരു "അടിയന്തര ദേശീയ സർക്കാർ" സമർപ്പിക്കാൻ താൻ തയ്യാറാണെന്നും പറഞ്ഞു. ന്യൂനപക്ഷ സർക്കാർ വേഗത്തിൽ രൂപീകരിക്കുകയും തുടർന്ന് അത് വിപുലീകരിക്കുകയും ചെയ്യാനാണ് നീക്കമെന്നാണ് സൂചനകൾ.
ഐസൻകോട്ടിന് 19 അറബ് പാർട്ടി നിയമനിർമ്മാതാക്കളുടെ പിന്തുണ ലഭിക്കും. എന്നാൽ വലതുപക്ഷ സഖ്യകക്ഷിയായ അവിഗ്ദോർ ലിബർമാൻ ഇതിനെ എതിർക്കുകയും തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് വാദിക്കുകയും ചെയ്യുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

