അഴിമതിക്കേസ്: നെതന്യാഹുവിന്റെ സാക്ഷിവിസ്താരം പൂർത്തിയായി; പ്രോസിക്യൂഷനെതിരെ രൂക്ഷവിമർശനം, വിധിവരാൻ മാസങ്ങളെടുക്കും
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിടുന്ന സുപ്രധാന അഴിമതിക്കേസുകളിലെ സാക്ഷിവിസ്താരം പൂർത്തിയായി. 18 മാസത്തോളം നീണ്ടുനിന്ന വിചാരണ നടപടികളിലെ 98ാമത് ഹിയറിങ്ങോടെയാണ് അദ്ദേഹത്തിന്റെ വിസ്താരങ്ങൾ അവസാനിച്ചത്. നീണ്ട നിയമപോരാട്ടങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചാണ് കേസ് ഈ ഘട്ടത്തിലെത്തുന്നത്.
2024 ഡിസംബർ 10നായിരുന്നു നെതന്യാഹു ആദ്യമായി വിചാരണാ കോടതിയിൽ സാക്ഷിപ്പെട്ടിയിൽ എത്തിയത്. എന്നാൽ, വിചാരണാ നടപടികൾ പലതവണ തടസ്സപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക തിരക്കുകൾ, വിദേശ നയതന്ത്ര യാത്രകൾ, ഇടക്കിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവക്കൊപ്പം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വിസ്താരം മാറ്റിവെക്കാൻ പലതവണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
സാക്ഷിവിസ്താരത്തിന്റെ അവസാന ദിനം പ്രോസിക്യൂഷനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നെതന്യാഹു ഉന്നയിച്ചത്. തനിക്കെതിരെ കെട്ടിച്ചമച്ച കേസുകളാണിതെന്നും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആവർത്തിച്ചു.
‘എന്നെ കുടുക്കാൻ വേണ്ടി സൂചിമുനയിൽവരെ അവർ പരിശോധന നടത്തി. എന്നാൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല. എന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അവർ അവിശ്വസനീയമായ രീതിയിൽ ചോദ്യം ചെയ്തു. അനേകം കുടുംബങ്ങളെ അവർ തകർത്തു. അവർ അന്വേഷിച്ചത് ഒരു കുറ്റകൃത്യത്തെയല്ല, മറിച്ച് ഒരു വ്യക്തിയെയാണ്’ ഇങ്ങനെ നെതന്യാഹു കോടതിയിൽ പറഞ്ഞതായി ചാനൽ 13 റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രമുഖ അഴിമതിക്കേസുകളായ 1000, 2000, 4000 എന്നിവയിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. വഞ്ചന, വിശ്വാസവഞ്ചന എന്നിവയാണ് പ്രധാന ആരോപണങ്ങൾ. കൂടാതെ, കേസ് 4000ൽ മാധ്യമ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച് പകരം അനുകൂല വാർത്തകൾ വാങ്ങിയെന്ന ‘കൈക്കൂലി’ ആരോപണവും അദ്ദേഹത്തിന് തലവേദനയാകുന്നുണ്ട്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജറുസലേം ഡിസ്ട്രിക്റ്റ് കോടതിയിൽ നടക്കേണ്ടിയിരുന്ന വിസ്താരം തെൽ അവീവ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. സാക്ഷിവിസ്താരം പൂർത്തിയായതോടെ വിചാരണാ നടപടികൾ വീണ്ടും ജറുസലേമിലേക്ക് മാറും.
മറ്റ് സാക്ഷികളുടെ വിസ്താരവും തെളിവെടുപ്പും തുടരുന്നതിനാൽ വിധി വരാൻ ഇനിയും മാസങ്ങൾ സമയമെടുക്കുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ ഭാവി തന്നെ നിർണയിക്കുന്ന ഈ കേസിൽ, സാക്ഷിവിസ്താരം അവസാനിച്ചത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

