ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി നെതന്യാഹു
text_fieldsമുഹമ്മദ് സിൻവാർ
തെൽഅവീവ്: ഗസ്സയിൽ തുടരുന്ന വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ (50) കൊലപ്പെടുത്തിയെന്ന അവകാശവാദദവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞവർഷം ഒക്ടോബർ 16ന് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ ഇളയ സഹോദരനാണ് മുഹമ്മദ് സിൻവാർ.
യഹ്‍യ സിൻവാറിന്റെ മരണശേഷം ഹമാസിന്റെ ഗസ്സയിലെ നേതൃത്വം ഏറ്റെടുത്ത മുഹമ്മദ് സിൻവാർ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡിന്റെയും മേധാവിയായി പ്രവർത്തിച്ചുവരുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഖാൻ യൂനിസിലെ തുരങ്കത്തിൽ നിന്ന് കണ്ടെത്തിയതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇസ്രായേൽ വ്യോമാക്രമണത്തിൽ മറ്റൊരു സഹോദരനായ സകരിയ സിൻവാറും കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നു.
യഹ്‍യ സിൻവാറിന് ശേഷം ഗസ്സയിൽ ഹമാസിന്റെ പ്രധാന തന്ത്രജ്ഞനായിരുന്നു മുഹമ്മദ് സിൻവാർ. 600 നാൾ പിന്നിട്ട ഇസ്രായേലിന്റെ മാരക കര, വ്യോമ ആക്രമണത്തിനിടയിലും ഹമാസിന്റെ ശക്തി ക്ഷയിക്കാതെ നിലനിർത്തിയതിൽ ഇദ്ദേഹത്തിന് സുപ്രധാന പങ്കുണ്ട്. ഇസ്രായേൽ ഉദ്യോഗസ്ഥരിൽ ‘നിഴൽ’ എന്ന് വിളിപ്പേരുള്ള മുഹമ്മദ് സിൻവാർ 1975ൽ ഖാൻ യൂനുസിലെ അഭയാർത്ഥി ക്യാമ്പിലാണ് പിറന്നുവീണത്. ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് അതിവേഗം ഉയർന്നുവന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് ഗവേണിങ് കൗൺസിലിന്റെ പ്രധാന നേതാവായി മുഹമ്മദ് മാറി.
അടുത്തിടെ ഗസ്സ സിറ്റിയിൽ നടന്ന ബന്ദി കൈമാറ്റത്തിനിടെയാണ് മുഹമ്മദിന്റെ സ്വാധീനം ദൃശ്യമായത്. ഹമാസ് പോരാളികൾ യൂനിഫോമിൽ നാല് ഇസ്രയേലി ബന്ദികളുമായി ഫലസ്തീൻ ചത്വരത്തിലൂടെ പരേഡ് നടത്തി. ഒരു വർഷത്തിലേറെ നീണ്ടുനിന്ന തുടർച്ചയായ സംഘർഷങ്ങൾക്കിടയിലും ഹമാസിനെ പൂർണമായി തകർക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഈ കൈമാറ്റം കാണിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തിന് അവർ സിൻവാറിനെ പ്രശംസിച്ചു. സഹോദരൻ യഹ്‍യയും ഹമാസ് സ്ഥാപകൻ ശൈഖ് അഹമ്മദ് യാസീനും ചേർന്നാണ് മുഹമ്മദ് സിൻവാറിലെ നേതാവിനെ രൂപപ്പെടുത്തിയത്. 13ാം വയസ്സിൽ തന്റെ സഹോദരന്റെ അറസ്റ്റിന് അദ്ദേഹം സാക്ഷിയായി. ഈ സംഭവം ഹമാസിനോടുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തി.
1991ൽ, 16ാം വയസ്സിൽ മുഹമ്മദിനെ തീവ്രവാദ പ്രവർത്തനം ആരോപിച്ച് ഒമ്പത് മാസത്തോളം ഇസ്രായേൽ പ്രതിരോധ സേന തടവിലിട്ടതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ സമ്മർദത്തിനു കീഴിൽ ഫലസ്തീൻ സുരക്ഷാ സേനയുടെ തടങ്കലിൽ കഴിഞ്ഞത് ഉൾപ്പെടെ, 1990കളിൽ അദ്ദേഹം മൊത്തം മൂന്നു വർഷം കസ്റ്റഡിയിൽ ചെലവഴിച്ചു.
2006ൽ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ പിടികൂടിയ റെയ്ഡിന് നേതൃത്വം നൽകിയതിനു ശേഷമാണ് മുഹമ്മദ് സിൻവാർ ഹമാസിൽ അറിയപ്പെടുന്നത്. ഈ ഓപറേഷൻ 2011ൽ ഫലസ്തീൻ തടവുകാരുടെ മോചനത്തിലേക്ക് നയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിൻവാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

