‘എന്നെ ഉണർത്താൻ അവർ ഭയന്നു; ആക്രമണം സൈനികാഭ്യാസമെന്ന് തെറ്റിദ്ധരിച്ചു’; ഒക്ടോബർ 7 വീഴ്ചയിൽ ബിന്യമിൻ നെതന്യാഹു
text_fieldsബിന്യമിൻ നെതന്യാഹു
തെൽഅവീവ്: 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ തലേരാത്രി തന്നെ വിളിച്ചുണർത്താൻ സൈനിക-ഇന്റലിജൻസ് തലവന്മാർ ഭയപ്പെട്ടിരുന്നുവെന്ന വിചിത്ര വാദവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. പ്രധാനമന്ത്രിയെ ഉണർത്തിയാൽ അദ്ദേഹം മുൻകൂർ ആക്രമണത്തിന് ഉത്തരവിടുകയും അത് വഴി ഇസ്രായേൽ ഉദ്ദേശിക്കാതെ തന്നെ ഹമാസിന്റെ പ്രത്യാക്രമണത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് സുരക്ഷാ മേധാവികൾ ഭയന്നതാണ് തന്നെ വിവരമറിയിക്കാതിരിക്കാൻ കാരണമെന്ന് ഇസ്രായേലിലെ ചാനൽ 14-ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു അവകാശപ്പെട്ടു.
ഹമാസ് പോരാളികൾ ഫോണുകളിൽ ഇസ്രായേലി സിം കാർഡുകൾ ഇടുന്നതും മുതിർന്ന കമാൻഡർമാർ ഭൂഗർഭ ബങ്കറുകളിലേക്ക് നീങ്ങുന്നതുമടക്കമുള്ള മുന്നറിയിപ്പ് സൂചനകൾ ലഭിച്ചിട്ടും, അത് വെറുമൊരു സൈനികാഭ്യാസമാണെന്നോ ചെറിയ കാര്യമാണെന്നോ ഉള്ള തെറ്റായ ധാരണയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. തന്നെ ഉണർത്തിയിരുന്നെങ്കിൽ നോവ മ്യൂസിക് ഫെസ്റ്റിവൽ റദ്ദാക്കാനും വ്യോമസേനയോട് സജ്ജമാകാൻ നിർദ്ദേശിക്കാനും തനിക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യൻ ചാരത്തലവന്റെ സന്ദർശനം സ്ഥിരീകരിച്ചു; എന്നാൽ കണ്ടിട്ടില്ലെന്ന് വാദം
ഒക്ടോബർ 7 ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്നത്തെ ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി അബ്ബാസ് കാമൽ അതീവ രഹസ്യമായി ഇസ്രായേലിൽ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ നെതന്യാഹു ആദ്യമായി സ്ഥിരീകരിച്ചു. തടവുകാരെ വിട്ടയക്കാനും സാമ്പത്തിക ഇളവുകൾ നൽകാനും തയ്യാറായില്ലെങ്കിൽ ഹമാസ് വൻ ആക്രമണം നടത്തുമെന്ന് കാമൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ കാമൽ ഇസ്രായേലിൽ എത്തിയെങ്കിലും താൻ അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നെതന്യാഹു വാദിച്ചു. 'അദ്ദേഹം എന്നെ കണ്ടിട്ടില്ല. ആ സമയത്ത് ഞാൻ ഇസ്രായേൽ സൈനികരുടെ അനുസ്മരണ ചടങ്ങിലായിരുന്നു. ഒരു ഇന്റലിജൻസ് മേധാവി രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്താറില്ല. അബ്ബാസ് കാമൽ ഇസ്രായേലിൽ വന്ന് 50-59 മിനിറ്റ് ചെലവഴിച്ചിരുന്നു. അദ്ദേഹം ഇവിടെ ആരെയാണ് കണ്ടതെന്ന് എനിക്ക് അറിയണം,' നെതന്യാഹു പറഞ്ഞു. എന്നാൽ 2021-ൽ ഇതേ അബ്ബാസ് കാമലിനെ തന്റെ ഔദ്യോഗിക വസതിയിൽ നെതന്യാഹു സ്വീകരിച്ചതിന്റെ ഔദ്യോഗിക ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങൾ പുറത്തുവിട്ടതോടെ അദ്ദേഹത്തിന്റെ വാദം പൊളിഞ്ഞു.
വെടിനിർത്തൽ കരാർ തടഞ്ഞെന്ന ആരോപണവും തള്ളി
ഹമാസിന്റെ തടവിലുള്ള ബന്ദികളെ വേഗത്തിൽ മോചിപ്പിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്ന പ്രായോഗികമായ ഗസ്സ കരാറുകൾ താൻ ബോധപൂർവം തടസ്സപ്പെടുത്തിയെന്ന ആക്ഷേപങ്ങളും നെതന്യാഹു തള്ളിക്കളഞ്ഞു. ഗസ്സയിൽ സമ്പൂർണ കീഴടങ്ങലിന് തയ്യാറാകുന്ന തരത്തിലുള്ള വിട്ടുവീഴ്ചകൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, അത് എല്ലാ ബന്ദികളുടെയും തിരിച്ചുവരവ് ഉറപ്പാക്കില്ലായിരുന്നുവെന്നും അദ്ദേഹം ന്യായീകരിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, ഒക്ടോബർ 7-ലെ വലിയ സുരക്ഷാ വീഴ്ചകളുടെ മുഴുവൻ ഉത്തരവാദിത്തവും സൈന്യത്തിന് മേൽ ചാരി രക്ഷപ്പെടാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

