പകുതിയിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹു സഖ്യത്തിന് മുൻതൂക്കം; നിർണായക ശക്തിയായി അറബ് പാർട്ടികൾ
text_fieldsതെൽ അവീവ്: ഇസ്രായേൽ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിന്യമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന സഖ്യത്തിന് മുന്നേറ്റം. പ്രാദേശിക സമയം രാവിലെ 7.58 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 57.3 ശതമാനം ബാലറ്റ് പെട്ടികൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹു അനുകൂല ബ്ലോക്കിന് 55 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. നെതന്യാഹുവിനെ എതിർക്കുന്ന പ്രതിപക്ഷ ബ്ലോക്കിന് 49 സീറ്റുകളുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത കുതിപ്പാണ് അറബ് പാർട്ടികൾ കാഴ്ചവെച്ചിരിക്കുന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം അറബ് പാർട്ടികൾ 16 സീറ്റുകളിൽ മുന്നിലാണ്.
പാർലമെന്റിലേക്ക് പ്രവേശിക്കാൻ ആവശ്യമായ 3.25 ശതമാനം വോട്ട് പരിധിക്ക് താഴെയാണ് നിലവിൽ ചില കക്ഷികൾ നിൽക്കുന്നത്. റിസർവിസ്റ്റ് പാർട്ടി (2.6ശതമാനം), പീപ്പിൾ ഓഫ് ഇസ്രായേൽ (1.7 ശതമാനം), ഹരേദി പബ്ലിക് (0.2ശതമാനം) എന്നിവയാണ് ഈ പരിധിക്ക് താഴെയുള്ളത്.
പുറത്തുവന്നിരിക്കുന്നത് ഭാഗികമായ ഫലങ്ങൾ മാത്രമാണെന്നും വോട്ടെണ്ണൽ തുടരുന്ന മുറക്ക് ചിത്രത്തിൽ മാറ്റങ്ങൾ വരാമെന്നും സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി അറിയിച്ചു. സൈനികരുടെ വോട്ടുകൾ ഉൾപ്പെടെയുള്ള വോട്ടുകൾ പിന്നീട് മാത്രമാണ് എണ്ണുക. അതിനാൽ വരും മണിക്കൂറുകളിൽ അന്തിമ ഫലത്തിൽ കൂടുതൽ വ്യക്തത വരും.
അതേസമയം, നിലവിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാജ്യത്ത് രാഷ്ട്രീയ പോര് കനത്തു. ഇസ്രായേൽ ജനത മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നും, അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തോൽവി അംഗീകരിച്ച് പദവി ഒഴിയണമെന്നും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ട് ആവശ്യപ്പെട്ടു.
തെൽ അവീവിലെ പാർട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് യഷാർ പാർട്ടി തലവനായ ഗാഡി ഐസൻകോട്ട് നെതന്യാഹുവിന്റെ രാജിക്കായി കടുത്ത സമ്മർദ്ദം ചെലുത്തിയത്. ‘ഇസ്രായേൽ ജനങ്ങൾ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. പരാജയപ്പെട്ട ഈ ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധിയാണിത്. ജനവിധി മാനിച്ച് അദ്ദേഹം സ്ഥാനം ഒഴിയണം’ ഐസൻകോട്ട് ആവശ്യപ്പെട്ടു. തങ്ങളുടെ നേതൃത്വത്തിൽ ഒരു സയണിസ്റ്റ് സർക്കാർ രൂപീകരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഐസൻകോട്ട് വ്യക്തമാക്കി.
എന്നാൽ, നിർണായകമായ ഒരു വലതുപക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹു രംഗത്തെത്തി. എക്സിറ്റ് പോളുകൾ തൂക്കുസഭക്ക് സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ലിക്കുഡ് പാർട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് നെതന്യാഹു അവകാശപ്പെട്ടു.
സയണിസ്റ്റ്-ജൂത ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ സഖ്യത്തിനാണ് നിർണവയക ഭൂരിപക്ഷമുള്ളത്. അതിനാൽ തന്നെ ശക്തമായ ഒരു ദേശീയ വലതുപക്ഷ സർക്കാർ രൂപവത്കരിക്കുകയാണ് അടുത്ത നടപടിയെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിനെ എതിർക്കുന്ന അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു സർക്കാർ രൂപവത്കരിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
120 അംഗ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. അറബ് പാർട്ടികളുടെ നിലപാട് ഇനിയുള്ള സർക്കാർ രൂപവത്കരണ ചർച്ചകളിൽ നിർണായകമാകും.

