എൻജിനീയർ, റാപ്പർ, മേയർ; ഇനി നേപ്പാൾ പ്രധാനമന്ത്രി പദവും? എല്ലാ കണ്ണുകളും ബാലേന്ദ്ര ഷായിലേക്ക്
text_fieldsകാഠ്മണ്ഡു: സാമൂഹിക മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ ആളിക്കത്തിയ പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി ശർമ ഒലിയും മറ്റു മന്ത്രിമാരും രാജിവെച്ചതിനു ശേഷം നേപ്പാളിനെ നയിക്കാനായി ജെൻ സി പ്രക്ഷോഭക്കാർ ഉയർത്തിക്കാട്ടിയ പേരാണ് ബാലേന്ദ്ര ഷാ. ബാലൻ എന്നാണ് ബാലേന്ദ്ര ഷായുടെ വിളിപ്പേര്. പരമ്പാരഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബദലായാണ് ഇദ്ദേഹത്തെ നേപ്പാളിലെ യുവാക്കൾ കാണുന്നത്.
പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ബാലേന്ദ്ര രംഗത്തുവന്നിരുന്നു. സംഘാടകർ നിശ്ചയിച്ച പ്രായപരിധി പിന്നിട്ടതിനാൽ തനിക്ക് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അവരുടെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശരീരം കൊണ്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മറ്റുതലത്തിലുള്ള എല്ലാ പിന്തുണയും പ്രക്ഷോഭക്കാർക്കുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു.
''ഈ റാലി നയിക്കുന്ന സി ജനറേഷന് മുന്നിൽ എനിക്ക് പ്രായപരിധി പിന്നിട്ടിരിക്കുന്നു. എന്നാൽ അവരുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും ചിന്തകളും മനസിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ, പ്രവർത്തകർ, നിയമനിർമാതാക്കൾ, പ്രചാരകർ എന്നിവർ ഈ റാലി സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കാൻ അമിത ബുദ്ധി കാണിക്കരുത്''-ഷാ കുറിച്ചു.
പ്രക്ഷോഭം കടുക്കവെ കഴിഞ്ഞ ദിവസം സർക്കാൾ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നു. ഒരാഴ്ചയായി നേപ്പാളിൽ തുടരുന്ന പ്രക്ഷോഭം, സർക്കാർ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും എക്സും അടക്കമുള്ള 26 സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിന് പിന്നാലെയാണ് ആളിപ്പടർന്നത്. പൊലീസ് അടിച്ചമർത്തലിൽ 19 പേരുടെ ജീവനാണ് നഷ്ടമായത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭകരിൽ കൂടുതലും വിദ്യാർഥികളായിരുന്നു. ഇപ്പോൾ ശർമ ഒലി രാജിവെച്ചതിനു പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലേക്ക് ബാലേന്ദ്ര ഷായുടെ പേരും ഉയർന്നു. സാമൂഹിക മാധ്യമങ്ങളിലും ഷാ ട്രെൻഡിങ് ഫിഗറായി മാറി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്.ആഭ്യന്തര പ്രക്ഷോഭങ്ങളാൽ താറുമാറായ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് നേപ്പാളിന് സ്വന്തം താൽപര്യങ്ങൾ മാറ്റിനിർത്തി, രാജ്യത്തിന്റെ നൻമക്കായി മാത്രം പ്രവർത്തിക്കാൻ കഴിവുള്ള പ്രധാനമന്ത്രി നമുക്കിടയിൽ ഉണ്ട്.അതാണ് ബാലേന്ദ്ര ഷാ...എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്.
പ്രിയപ്പെട്ട ബാലേന്ദ്ര നിങ്ങൾ നേതൃസ്ഥാനം ഏറ്റെടുക്കൂ, നേപ്പാൾ ജനത പിന്നിലുണ്ട്. മുന്നോട്ടു പോകൂ.. എന്ന് മറ്റൊരാളും കുറിച്ചു.
ആരാണ് ബാലേന്ദ്ര ഷാ
ബാലൻ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ കാഠ്മണ്ഡു മെട്രോപ്പൊളിറ്റൻ സിറ്റിയുടെ മേയറാണ്. 1990ൽ കാഠ്മണ്ഡുവിലാണ് ജനിച്ചത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദവും പൂർത്തിയാക്കി. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് റാപ്പറായും ഗാനരചയിതാവായും സജീവമായി രംഗത്തുണ്ടായിരുന്നു. അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങളാണ് തന്റെ പാട്ടുകളിൽ അദ്ദേഹം ഉയർത്തിക്കാട്ടിയത്.
2022ൽ കാഠ്മണ്ഡു മേയർ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ തറപറ്റിച്ച് 61,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. സബീന കാഫ്ലെ ആണ് ജീവിത പങ്കാളി. സാമൂഹിക മാധ്യമത്തിൽ സജീവമായ ബാലേന്ദ്ര അതുവഴിയാണ് ജനങ്ങളുമായി ബന്ധം പുലർത്തുന്നതും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതും.
ടൈം മാഗസിന്‍ 'ടോപ്പ് 100 എമജിങ് ലീഡേഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ബാലേന്ദ്ര ഷാ. സുതാര്യവും ജനകീയവുമായ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനവും എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

