ഇതൊക്കെ എന്ത്! 32 തവണ എവറസ്റ്റ് കീഴടക്കി നേപ്പാൾ സ്വദേശി; തകർത്തത് സ്വന്തം റെക്കോഡ്
text_fieldsകാഠ്മണ്ഡു: ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന സ്വന്തം ലോക റെക്കോഡ് തകർത്ത് നേപ്പാളിലെ പർവതാരോഹകൻ കാമി റീത്ത ഷെർപ്പ. 32ാമത്തെ തവണ എവറസ്റ്റ് കൊടുമുടി കയറിയാണ് അദ്ദേഹം പുതിയ ചരിത്രം കുറിച്ചത്. 56കാരനായ കാമി ഞായറാഴ്ച രാവിലെ 10.12ന് കൊടുമുടിയുടെ 8,849 മീറ്റർ ഉയരത്തിലെത്തിയെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
14 പീക്സ് എക്സ്പെഡിഷനിലെ പർവതാരോഹക സംഘത്തെ നയിച്ചാണ് കാമി എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയത്. കാമി വിജയകരമായി ദൗത്യം പൂർത്തിയാക്കിയതായി എവറസ്റ്റ് ബേസ് ക്യാമ്പിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര വകുപ്പിന്റെ ഫീൽഡ് ഓഫിസ് സ്ഥിരീകരിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
1970 ജനുവരിയിൽ കോശി പ്രവിശ്യയിലെ സോലുഖുംബു ജില്ലയിലുള്ള ഗ്രാമത്തിൽ ജനിച്ച കാമി, 1994ലാണ് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ അദ്ദേഹം 31ാമത്തെ തവണ എവറസ്റ്റ് കയറ്റം പൂർത്തിയാക്കിയിരുന്നു.
അതിനിടെ, എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ നേപ്പാളി വനിതയും ‘പർവത രാജ്ഞി’ എന്നറിയപ്പെടുകയും ചെയ്യുന്ന ലക്പ ഷെർപ്പ, ഞായറാഴ്ച 11ാമത്തെ തവണ വിജയകരമായ പർവതാരോഹണം പൂർത്തിയാക്കി സ്വന്തം ലോക റെക്കോഡ് തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

