കനലടങ്ങിയ നേപ്പാൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsകാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭം അമ്പതിലേറെ പേരുടെ ജീവനെടുക്കുകയും ഭരണകൂടത്തെ താഴെയിറക്കുകയും ചെയ്ത നേപ്പാൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തൊഴിലില്ലായ്മയും അഴിമതിയും ചൂണ്ടിക്കാട്ടി പുതുതലമുറ തെരുവിലിറങ്ങിയ നേപ്പാൾ ഏറക്കുറെ ശാന്തമായതിനു ശേഷമാണ് രാജ്യം മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
സെപ്റ്റംബറിൽ ശക്തമായ പ്രക്ഷോഭം പ്രസിഡന്റ് കെ.പി. ഒലിയുടെ സ്ഥാനത്യാഗത്തിന് വഴിയൊരുക്കുകയും ഇടക്കാല പ്രസിഡന്റായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി അധികാരമേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മൂന്ന് പ്രമുഖരാണ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരരംഗത്തുള്ളത്. തലസ്ഥാന നഗരത്തിന്റെ മേയറായി പേരെടുത്ത റാപ്പർ ബാലേന്ദ്ര ഷാ എന്ന ബാലെനും, നേപ്പാളി കോൺഗ്രസിന്റെ പുതുതായി സ്ഥാനമേറ്റ നേതാവ് ഗഗൻ താപ്പയും പുറത്താക്കപ്പെട്ട സഖ്യ സർക്കാറിനെ നയിച്ച കമ്യൂണിസ്റ്റ് നേതാവ് ഖഡ്ഗ പ്രസാദ് ഒലിയുമാണ് ഗോദയിലെ പ്രമുഖർ.
2002ൽ കാഠ്മണ്ഡു മേയറായി തെരഞ്ഞെടുക്കപ്പെട്ട ബാലെൻ പ്രസിഡന്റ് പദവി മുന്നിൽകണ്ടാണ് മേയർ സ്ഥാനം രാജിവെച്ച് നാഷനൽ ഇൻഡിപെൻഡന്റ് പാർട്ടിയുടെ ബാനറിൽ മത്സരത്തിനിറങ്ങിയത്. പ്രചാരണത്തിൽ ഏറെ മുന്നിലാണ് ഈ ജനപ്രിയ റാപ്പർ. ബാലെന്റെ പരിപാടികൾക്ക് വൻ ജനക്കൂട്ടമാണുള്ളത്. മേയർ എന്ന നിലയിലെ ഭരണ പരിഷ്കാരങ്ങൾ തുണയാകുമെന്ന കണക്കുകൂട്ടലിലാണ് 35കാരനായ ഈ എൻജിനീയർ.
നേപ്പാളി കോൺഗ്രസിന്റെ അമരക്കാരനായ ഗഗൻ താപ്പ ശക്തനായ എതിരാളിയായി രംഗത്തുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യത്തെ ഏറ്റവും പഴയ പ്രധാന രാഷ്ട്രീയ പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി. നേപ്പാളി കോൺഗ്രസിൽ വളരെക്കാലം ജനപ്രിയ മുഖമായി അറിയപ്പെട്ട 49കാരനായ താപ്പ, ഈ വർഷം ആദ്യം വരെ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾക്ക് അപ്രിയനായിരുന്നു. പിന്നീട് പാർട്ടിയിൽ കലാപം നടത്തിയാണ് അദ്ദേഹം വീണ്ടും പാർട്ടി മേധാവിയായത്. രാജ്യത്തെ ജനപ്രിയ പാർട്ടിയാണെങ്കിലും ജെൻ സി പ്രക്ഷോഭം അട്ടിമറിച്ച സഖ്യസർക്കാറിന്റെ ഭാഗമായിരുന്നു ഇവർ.
കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ട സഖ്യ സർക്കാറിനെ നയിച്ച വിവാദ നായകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.പി. ഒലിയാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരാൾ. അക്രമാസക്തമായ പ്രതിഷേധങ്ങളിലെ മരണങ്ങൾക്ക് പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.
മാർച്ച് രണ്ട് മുതൽ ഇന്ത്യ -നേപ്പാൾ അതിർത്തി അടക്കും
കാഠ്മണ്ഡു: നേപ്പാൾ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മാർച്ച് രണ്ട് മുതൽ ഇന്ത്യ-േനപ്പാൾ അതിർത്തി അടച്ചിടാൻ തീരുമാനം. മാർച്ച് രണ്ട് അർധരാത്രി മുതൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിന് അർധരാത്രി വരെയാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബാങ്കെ ജില്ലയിലെ മുഴുവൻ അതിർത്തി ചെക്ക് പോസ്റ്റുകളും അടച്ചിടുകയെന്ന് ചെക്ക് പോസ്റ്റുകളുടെ ചുമതലയുള്ള സുധീർ ശർമ അറിയിച്ചു. ഈ സമയം ചെക്ക് പോസ്റ്റുകൾ വഴി അവശ്യ വസ്തുക്കൾ ഒഴികെയുള്ള ചരക്കുഗതാഗതവും നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ ഇരു രാജ്യത്തെയും പൗരൻമാർ അതിർത്തി കടക്കരുതെന്നും ശർമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

