നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
text_fieldsകാഠ്മണ്ഡു: വിവാദ പ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (എൻ.സി.പി)യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച പാർട്ടിയിലെ വിമത വിഭാഗം സെൻട്രൽ കമ്മിറ്റി യോഗം വിളിച്ചുചേർത്താണ് ഈ തീരുമാനമെടുത്തത്. 'ശർമ്മ ഒലിയുടെ പാർട്ടി അംഗത്വം റദ്ദാക്കി'- യോഗത്തിനുശേഷം വിമത ഗ്രൂപ്പിന്‍റെ വക്താവ് നാരായൺ കാജി ശ്രേഷ്ഠ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വിമത വിഭാഗം നേതാക്കൾ ഒലിയുടെ അംഗത്വം റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 20ന് നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിടാൻ ഒലി ശിപാർശ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരുമാസത്തിനിടെ രണ്ട് തവണയാണ് ഈ തീരുമാനത്തിനെതിരെ അവർ തെരുവിലിറങ്ങിയത്.
'ഞങ്ങൾ ഒലിയെ എൻ.സി.പിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇനി അദ്ദേഹത്തിനെതിരെ ഞങ്ങൾ അച്ചടക്ക നടപടി സ്വീകരിക്കും. കാരണം, കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഞങ്ങൾ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. പക്ഷേ, ഇതുവരെ മറുപടി നൽകിയിട്ടില്ല'- വിമത വിഭാഗം നേതാവ് മാധവ് കുമാർ നേപ്പാൾ പറഞ്ഞു. തെറ്റ് തിരുത്തിയാലും ഇനി ഒലിയുമായുള്ള കൂട്ടുകെട്ടിന് എൻ.സി.പിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര വടംവലി രൂക്ഷമായതോടെയാണ് പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്. എന്നാൽ, ഒലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയോട് ആലോചിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് ഒലി വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുതിർന്ന നേതാക്കൾ അന്നേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

