പ്രളയത്തിന് പാസ്‌പോർട്ടും വിസയുമില്ല! എവിടെയും എപ്പോഴും വരാം; മുന്നറിയിപ്പുമായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ
text_fieldsബാലേന്ദ്ര ഷാ
ന്യൂയോർക്ക്: ആഗോളതാപനത്തിന് യാതൊരു പങ്കുമില്ലാത്ത പാവപ്പെട്ട രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ കൊടും ദുരന്തങ്ങൾ പേറേണ്ടി വരികയാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ (യു.എൻ.ജി.എ) വികസിത രാജ്യങ്ങളുടെ കണ്ണുതുറപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ഹിമാലയൻ ഹിമാനികൾ ഉരുകി നേപ്പാളിലുണ്ടായ വൻ പ്രളയത്തിൽ 1,400-ലധികം ജീവനുകൾ നഷ്ടപ്പെട്ടത് വെറുമൊരു പ്രാദേശിക ദുരന്തമല്ലെന്നും, ആഗോള സമൂഹത്തിനുള്ള ശക്തമായ താക്കീതാണെന്നും 36-കാരനായ യുവ പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭരണത്തലവനാണ് ബാലേന്ദ്ര ഷാ.
കറുത്ത പരമ്പരാഗത ധാക്ക തൊപ്പിയും സൺഗ്ലാസും ധരിച്ചെത്തിയ ഷാ, കാലാവസ്ഥാ വ്യതിയാനത്തിന് അതിരുകളില്ലെന്ന് ലോകനേതാക്കളെ ഓർമിപ്പിച്ചു. 'കാലാവസ്ഥാ വ്യതിയാനത്തിന് പാസ്‌പോർട്ടോ വിസയോ ആവശ്യമില്ല. ഹിമാനികളും പ്രളയജലവും അതിർത്തികൾ നോക്കിയല്ല ഒഴുകുന്നത്. ലോകത്തെ ഹരിതഗൃഹ വാതകങ്ങളിൽ 0.1 ശതമാനത്തിൽ താഴെ മാത്രമാണ് നേപ്പാളിന്റെ സംഭാവന. രാജ്യത്തെ 99 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ജലവൈദ്യുത പദ്ധതികളിൽ നിന്നാണ്. ഈ പ്രതിസന്ധി ഉണ്ടാക്കിയത് ഞങ്ങളല്ല; പക്ഷേ അതിന്റെ കനത്ത വില നൽകേണ്ടി വരുന്നത് നേപ്പാളിലെ സാധാരണക്കാരാണ്. നമ്മുടെ ഹിമാനികൾ അപ്രത്യക്ഷമാകുന്നു, മലനിരകൾ തകർന്നുവീഴുന്നു, നദികൾ ദിശമാറുന്നു. ഒരു ദുരന്തം കൊണ്ട് വർഷങ്ങളുടെ വികസനമാണ് ഒലിച്ചുപോകുന്നത്,' അദ്ദേഹം സഭയിൽ വികാരാധീനനായി പറഞ്ഞു.
കാലാവസ്ഥാ ദുരന്തങ്ങളിൽ പെടുന്ന പാവപ്പെട്ട രാജ്യങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന അന്താരാഷ്ട്ര ധനകാര്യ സംവിധാനങ്ങളിലെ നൂലാമാലകളെയും ഷാ രൂക്ഷമായി വിമർശിച്ചു. 'ഒരു വീടിന് തീപിടിക്കുമ്പോൾ ആ കുടുംബത്തോട് 50 ഫോമുകൾ പൂരിപ്പിച്ചു നൽകാനല്ല നാം ആവശ്യപ്പെടുന്നത്, ഉടൻ രക്ഷാപ്രവർത്തനം നടത്തുകയാണ് വേണ്ടത്. ഇതിനെയാണ് യഥാർത്ഥ കാലാവസ്ഥാ നീതി എന്ന് പറയുന്നത്'. കേവലം ദുരിതാശ്വാസം മാത്രമല്ല, വൻതോതിൽ കാർബൺ പുറന്തള്ളിയ സമ്പന്ന വികസിത രാജ്യങ്ങളിൽ നിന്നുള്ള 'കാലാവസ്ഥാ നഷ്ടപരിഹാരം' ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 75 വർഷത്തിനിടെ നേപ്പാളിനേക്കാൾ 1,500 മടങ്ങ് കാർബൺ വാതകങ്ങളാണ് അമേരിക്ക മാത്രം അന്തരീക്ഷത്തിലേക്ക് തള്ളിയതെന്ന് ഗ്ലോബൽ കാർബൺ പ്രോജക്റ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രളയത്തിൽ നേപ്പാളിന് 500 കോടി ഡോളറിലധികം (ഏകദേശം 42,000 കോടി രൂപ) നഷ്ടമുണ്ടായതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. ഇത് നേപ്പാളിന്റെ ജിഡിപിയുടെ 15 ശതമാനത്തോളം വരും. എന്നാൽ യുഎസ് പ്രഖ്യാപിച്ച 3.6 കോടി ഡോളർ സഹായം മൊത്തം ആവശ്യത്തിന്റെ ഒരു ശതമാനം പോലും തികയില്ല. ഏഷ്യയിലെ 200 കോടിയോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഹിമാലയൻ ഹിമാനികളുടെ നാശം ഭയാനകമായ വേഗതയിലാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോറും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

