വിദ്യാർഥി രാഷ്ട്രീയ നിരോധനം, നിർബന്ധിത കസ്റ്റംസ് തീരുവ; നേപ്പാളിൽ സർക്കാരിനെതിരെ പൊതുജന രോഷം
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പൊതുജന രോഷം. തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും വിദ്യാർഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും തെരുവിലിറങ്ങി. കാമ്പസ്സുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് നിരോധനം ഏർപ്പെടുത്തിയതും ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന 100 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾക്ക് നിർബന്ധിത കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനവുമാണ് പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം.
നേപ്പാളിലെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർ തൊട്ടടുത്ത ഇന്ത്യയിൽനിന്നുള്ള അവശ്യവസ്തുക്കളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സർക്കാറിന്റെ നീക്കം ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. കൂടാതെ സാധാരണ ജനങ്ങൾക്ക് മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാർ അടിസ്ഥാന യാഥാർഥ്യങ്ങളെ കണക്കിലെടുക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
വിദ്യാർഥി രാഷ്ട്രീയത്തിന് സമ്പൂർണമായ വിലക്കാണ് സർക്കാരിന്റെ മറ്റൊരു വിവാദ നടപടി. കാമ്പസ്സുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന് നിരോധനം ഏർപ്പെടുത്തി, സ്റ്റുഡന്റ്സ് കൗൺസിൽ -വോയ്സ് ഓഫ് സ്റ്റുഡന്റ്സ് പോലുള്ള പക്ഷപാതരഹിതമായ കൂട്ടായ്മകൾ രൂപീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. സർക്കാർ അടിച്ചമർത്തൽ സമീപനം സ്വീകരിക്കുകയാണെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. ഇതിനെതിരെ രാജ്യവ്യാപകമായി ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധങ്ങളിൽ പങ്കാളികളായി. സ്കൂൾ, കോളജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലും പ്രകടനങ്ങൾ നടന്നു. സർക്കാർ തീരുമാനങ്ങൾക്കെതിരെ യൂണിഫോം ധരിച്ച വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്.
അതേസമയം, ആഭ്യന്തര മന്ത്രിയായ സുഡാന ഗുരുങ്ങിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നു. അനധികൃത സ്വത്ത് സമ്പാദനം - സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് പ്രതിഷേധം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ വ്യക്തികളുമായുള്ള ബന്ധത്തിലൂടെ സംശയാസ്പദമായ ബിസിനസ് ഇടപാടുകളിൽ ഗുരുങ്ങിന് പങ്കുണ്ടെന്ന് പ്രകടനക്കാരും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.
ഒരു മാസംമുമ്പാണ് നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ആരാധകർ ബാലൻ എന്നുവിളിക്കുന്ന 35കാരനായ ബാലേന്ദ്ര ഷാ ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര്യ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയിരുന്നു. നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു പൊതു തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

