Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ വിമാനദുരന്തം:...

നേപ്പാൾ വിമാനദുരന്തം: 35 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

text_fields
bookmark_border
Nepal plane crash
cancel

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് മരിച്ച 68 യാത്രക്കാരിൽ 35 പേരെ തിരിച്ചറിഞ്ഞു. 68 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന 72 പേരിൽ നാലു പേർക്കായി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടം നടന്നത് ദുർഘടമായ പ്രദേശത്തായതിനാൽ ഞായറാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.

നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ പുതുതായി തുറന്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് യെതി എയർലൈൻസിന്റെ 9എൻ-എ.എൻ.സി എ.ടി.ആർ-72 വിമാനം മലയിടുക്കിൽ തകർന്നുവീണത്. അപകടസ്ഥലത്തുനിന്ന് വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും കണ്ടെടുത്തു.

കുശ്വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭർ (27), സോനു ജയ്‌സ്വാൾ (35), സഞ്ജയ ജയ്‌സ്വാൾ എന്നിവരാണ് മരിച്ച അഞ്ച് ഇന്ത്യക്കാർ. ഉത്തർപ്രദേശ് സ്വദേശികളാണിവർ. ഇവരിൽ നാലു പേർ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ പാരാഗ്ലൈഡിംഗിനായി പോകുകയായിരുന്നു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽനിന്നെത്തിയ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പൊഖാറയിലെ വെസ്റ്റേൺ റീജനൽ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിരിച്ചറിയാത്ത മൃതദേഹങ്ങളും വിദേശികളുടേതും കാഠ്മണ്ഡുവിലെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. അപകടകാരണം അന്വേഷിക്കുന്ന സംഘം 45 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും ബ്ലാക്ക് ബോക്സ് വിവരങ്ങൾ ഉൾപ്പടെ പരിശോധിച്ച് കാരണം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ജനറൽ മാനേജർ പ്രേംനാഥ് ഠാകുർ അറിയിച്ചു.

ഫ്ലൈറ്റ് ക്യാപ്റ്റൻ കമൽ കെ.സി. അപകടത്തിന് മിനിറ്റുകൾക്കു മുമ്പ് പൊഖാറ കൺട്രോൾ ടവറുമായി ബന്ധപ്പെട്ടിരുന്നു. വിമാനത്തിനിറങ്ങാൻ കിഴക്കേ അറ്റത്തുള്ള റൺവേ അനുവദിച്ചിരുന്നതായി പൊഖാറ അന്താരാഷ്ട്ര വിമാനത്താവള വക്താവ് അനൂപ് ജോഷി പറഞ്ഞു.

കാലാവസ്ഥയുൾപ്പടെ എല്ലാം അനുകൂലമായിരുന്നു. പിന്നീട് പടിഞ്ഞാറൻ അറ്റത്തുള്ള റൺവേയിലേക്ക് മാറാൻ ഫ്ലൈറ്റ് ക്യാപ്റ്റൻ അനുമതി ചോദിച്ചതായും അത് നൽകിയതായും ജോഷി പറഞ്ഞു. ബിജയപുർ, സേതി എന്നീ നദികൾക്കിടയിലുള്ള പൊഖാറ വിമാനത്താവളം പക്ഷിശല്യമേറെയുള്ള പ്രദേശമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്ലാക്ക് ബോക്സ്
ഫ്ലൈറ്റ് ഡേറ്റ റെക്കോഡർ അഥവാ ബ്ലാക്ക് ബോക്സ് വേഗം, ഉയരം, ദിശ, പൈലറ്റ് പ്രവർത്തനങ്ങൾ, പ്രധാനപ്പെട്ട സിസ്റ്റങ്ങളുടെ പ്രകടനം എന്നിങ്ങനെ 80ലധികം വ്യത്യസ്ത തരത്തിലുള്ള വിവരങ്ങൾ ബ്ലാക് ബോക്സിൽ രേഖപ്പെടുത്തും. കോക്ക്പിറ്റ് വോയ്സ് റെക്കോഡർ , റേഡിയോ പ്രക്ഷേപണങ്ങളും കോക്ക്പിറ്റിലെ മറ്റ് ശബ്ദങ്ങളും, പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എൻജിൻ ശബ്ദങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതാണ്. ഈ വിവരങ്ങൾ പരിശോധിച്ച് അപകടകാരണത്തിലേക്കെത്താമെന്നാണ് കരുതുന്നത്. ഈ ബോക്സുകൾ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കൈമാറിയെന്ന് യതി എയർലൈൻസ് വക്താവ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodiesNepal plane crash
News Summary - Nepal plane crash: 35 bodies identified, The black box was found
Next Story