ഹെലികോപ്ടറിൽ തൂങ്ങി ജീവനും കൊണ്ട് രക്ഷപ്പെട്ട് നേപ്പാൾ മന്ത്രിയും കുടുംബവും; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്
text_fieldsകാണ്ഡ്മണ്ഠു: നേപ്പാൾ മന്ത്രിയും കുടുംബവും ഹെലികോപ്ടറിൽ രക്ഷപ്പെട്ട് ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ നിന്നും ഹെലികോപ്ടറിൽ തൂങ്ങി ഇവർ രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സംഭവത്തിന്റെ ടിക് ടോക് വിഡിയോ എക്സിലാണ് പ്രത്യക്ഷപ്പെട്ടത്. നേപ്പാളിലെ കലാപം മൂന്ന് ദിവസമായി തുടരുകയാണ്. സംഘർഷത്തിനിടെ നേപ്പാളിലെ മന്ത്രിമാർക്ക് ഉൾപ്പടെ മർദനമേൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി മന്ത്രിമാരുടെ വസതികൾ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
നേപ്പാളിൽ ആളിപ്പടർന്ന ജെൻ സി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരം അഗ്നിക്കിരയാക്കി. പ്രധാനമന്ത്രി കെ.പി. ശർമ ഒലി പദവി രാജിവെക്കുന്നതിന് മിനിറ്റുകൾക്കു മുമ്പാണ് പാർലമെന്‍റിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ കെട്ടിടത്തിന് തീയിട്ടത്. ഭക്ത്പുരിലുള്ള പ്രധാനമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും വസതികളും പ്രതിഷേധത്തീയിൽ വെണ്ണീറായി. പാർലമെന്‍റിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്‍റേയും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് രാംചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.
സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ സർക്കാർ നിരോധിച്ചത്. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്ന് സർക്കാർ പറയുന്നു. വ്യാജ അക്കൗണ്ടുകൾ വഴി ചിലർ വിദ്വേഷ പരാമർശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നുമാണ് സർക്കാർ ആരോപണം. എന്നാൽ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

