നേപ്പാളിൽ എല്ലാം കവർന്നെടുത്ത് പ്രളയം; പെരുവഴിയിൽ പതിനായിരങ്ങൾ
text_fieldsനേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ദേവീഘട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ വിശ്രമിക്കുന്ന അമ്മയും കുഞ്ഞും
കാഠ്മണ്ഡു: മഹാനഷ്ടത്തിന്റെ ഓർമകൾ വിട്ട് നേപ്പാൾ പതിയെ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലേക്ക് മാറുമ്പോൾ എന്തു ചെയ്യുമെന്നറിയാതെ എല്ലാം പ്രളയമെടുത്ത പതിനായിരങ്ങൾ. വീടും സമ്പാദ്യങ്ങളും സമ്പൂർണമായി ഒലിച്ചുപോയവർ ദുരിതാശ്വാസ ക്യാമ്പുകളിലെ ചെറിയ സൗകര്യങ്ങളിൽ പ്രയാസപ്പെടുകയാണ്. കുഞ്ഞുങ്ങൾക്ക് നൽകാൻ ക്യാമ്പുകളിൽ പ്രത്യേക ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല. ഗർഭിണികൾക്ക് ആവശ്യമായ പരിചരണം എങ്ങനെ നൽകുമെന്നും ധാരണയില്ല.
നൂറുകണക്കിന് പേരാണ് ഓരോ ക്യാമ്പിലുമുള്ളത്. അപരിചിതരായ മുതിർന്നവരേറെയുള്ള ക്യാമ്പിൽ മക്കൾക്ക് മുലയൂട്ടുന്നത് തടസ്സമാകുകയാണെന്നും പരാതികളുണ്ട്. റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളിലെ 15 മുനിസിപ്പാലിറ്റികളിലായി 4430 ഗർഭിണികൾ മാത്രമുണ്ട്. 3,10,000 പേരാണ് ഇവിടെ എല്ലാം നഷ്ടമായി മറ്റുള്ളവരുടെ സഹായത്തിന് കൈനീട്ടുന്നത്. അടുത്ത മാസം പ്രസവം നടക്കേണ്ട 500ഓളം പേർ ഇവരിലുണ്ടെന്നും കണക്കുകൾ പറയുന്നു.
നിലവിൽ സംവിധാനങ്ങളിൽ പലതും പുതുതായി നിർമിക്കപ്പെടണമെന്നതിനാൽ എന്തുചെയ്യുമെന്ന ആശങ്കയുണ്ട്. ജല വൈദ്യുതി നിലയങ്ങളിൽ എട്ടെണ്ണം തകർന്നത് വൈദ്യുതി മുടക്കവും പതിവാക്കി. രണ്ടര മണിക്കൂർ മാത്രം അകലെയായിരുന്ന തലസ്ഥാന നഗരത്തിലേക്ക് അനേക മണിക്കൂറുകളെടുത്താലേ നിലവിൽ എത്താനാകൂ. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി എളുപ്പമല്ലെന്നതാണ് പ്രശ്നം.
സ്കൂളുകളിൽ വിദ്യാഭ്യാസവും മുടങ്ങിക്കിടക്കുകയാണ്. മിക്ക സ്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതാണ് പ്രശ്നം. സെൻട്രൽ നേപ്പാളിലെ ചന്ദ്രവതി സെക്കൻഡറി സ്കൂളിൽ ആയിരത്തിലേറെ പേർ അഭയാർഥികളായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

