നാമാവശേഷമായി ഗ്രാമങ്ങൾ; മഹാനാശം പങ്കുവെച്ച് ഉപഗ്രഹ ചിത്രങ്ങൾ
text_fieldsമഹാപ്രളയത്തിൽ ചെളിയും അവശിഷ്ടങ്ങളുമടിഞ്ഞ നുവാക്കോട്ട് ജില്ലയിലെ ദേവിഘട്ടിന്റെ ആകാശദൃശ്യം
കാഠ്മണ്ഡു: ചൂരൽമലയിലും മുണ്ടക്കൈയിലും രണ്ട് വർഷം മുമ്പ് കേരളം കണ്ടതിന്റെ പതിന്മടങ്ങ് വലിയ ദുരന്തമായിരുന്നു ബുധനാഴ്ച നേപ്പാളിൽ ലോകം കണ്ടത്. നിരവധി ഗ്രാമങ്ങൾ പ്രളയമെടുത്തു. ത്രിശൂലി പുഴയോരത്ത് സമൃദ്ധിയോടെ കഴിഞ്ഞ ഗ്രാമങ്ങൾ മണിക്കൂറുകൾ നീണ്ടുനിന്ന കുത്തൊഴുക്കിൽ നാമാവശേഷമായി.
രാജു ബുധഥോക്കും ഗൗതമും താമസിച്ച തിമൂർ ഗ്രാമം അതിലൊന്ന്. ഇവിടെയുണ്ടായിരുന്ന വീടുകളിലേറെയും ഒലിച്ചുപോകുകയോ ചളി മൂടി കാഴ്ചമറഞ്ഞുകിടക്കുകയോ ആണ്. തൊട്ടുതാഴെ സ്യപ്രു ബേസി ഗ്രാമത്തിൽ വീടുകൾ, പാലങ്ങൾ എന്നിവക്ക് പുറമെ ജലവൈദ്യുതി നിലയവും അപ്രത്യക്ഷമായിട്ടുണ്ട്. ഇവിടെ സന്തോഷത്തോടെ കഴിഞ്ഞുവന്ന മനുഷ്യർക്കും വിധി കാത്തുവെച്ചത് സമാനമായ ദുരന്തം.
ഹിമാനി തകർന്ന് പ്രളയജലം പുറപ്പെട്ടതിന് 45 കിലോമീറ്റർ താഴെയുള്ള ത്രിശൂലി പട്ടണത്തിലും നാശനഷ്ടങ്ങൾ ഭീതിദമാണ്. ഒരു പ്രദേശം സമ്പൂർണമായി തുടച്ചുനീക്കപ്പെട്ട പട്ടണത്തിൽ വെള്ളമെത്തുന്നതിന്റെ വിഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മനോഹരമായ കാഴ്ചകളുമായി വിനോദസഞ്ചാരികളെ കാലങ്ങളായി വിരുന്നൂട്ടുന്ന പട്ടണത്തിൽ നിമിഷങ്ങൾക്കിടെയാണ് എല്ലാം ജലമെടുത്തത്.
ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതോടെ കണക്കുകൂട്ടലുകൾക്കുമേറെ അപ്പുറത്താണ് പലയിടത്തും നാശനഷ്ടങ്ങളെന്ന് വ്യക്തം. പർവത മുകളിൽ ഹിമാനി തകരുന്നതിന്റെ ഡ്രോൺ ചിത്രം ഉപഗ്രഹ ദാതാക്കളായ പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ടിട്ടുണ്ട്. തകർന്നുവീണതിന് പിറകെ വെള്ളം ആദ്യം പടിഞ്ഞാറോട്ടും പിന്നെ തെക്കോട്ടും കുത്തിയൊഴുകി. ഇത് കടന്നുപോന്ന വഴികളിലുടനീളം വീടുകളടക്കം ഒലിച്ചുപോയി.
തലസ്ഥാന നഗരത്തെ തിബത്ത് അതിർത്തിയിലെ ലഹാസയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ ഇവയിലേറെയും മണിക്കൂറുകൾക്കിടെ ഇല്ലാതായിരുന്നു. നാട്ടുകാർക്ക് പുറമെ ആയിരക്കണക്കിന് തീർഥാടകരും വിനോദ സഞ്ചാരികളും ഉപയോഗിച്ചുവന്നവയായിരുന്നു ഇവ. ഇരുട്ട് മൂടിയ ഗ്രാമങ്ങളെക്കുറിച്ച് വിവരംപോലും ഇതോടെ ലഭ്യമല്ലാതായി.
അടിയന്തരമായി പുനർനിർമാണത്തിന് ശതകോടികൾ സഹായം വേണമെന്ന് നേപ്പാൾ സർക്കാർ ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 500 കോടി ഡോളർ (അരലക്ഷം കോടി രൂപ) എങ്കിലും വേണ്ടിവരുമെന്നാണ് സർക്കാറിന്റെ പ്രാഥമിക വിലയിരുത്തൽ. നേപ്പാളിൽ 2426ഉം തിബത്തിലെ ഗ്വിറോങ്ങിൽ 554ഉമടക്കം 3000ത്തോളം പേരെ കാണാതായിട്ടുണ്ട്. ഇവരിൽ ചുരുങ്ങിയത് 540 പേർ വിദേശികളാണ്. തിരച്ചിൽ പുരോഗമിക്കുന്നതിനാൽ ആളപായം ഉയരാനാണ് സാധ്യത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

