പ്രളയദുരന്തത്തിനിടയിലും നേപ്പാളിൽ ഞെട്ടിക്കുന്ന വൻ കവർച്ച; ഒഴുക്കിൽപ്പെട്ട ബാങ്ക് ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു
text_fieldsകാഠ്മണ്ഡു:നാശം വിതച്ച പ്രളയക്കെടുതിക്കിടയിലും നേപ്പാളിൽ അരങ്ങേറിയ അസാധാരണ കുറ്റകൃത്യത്തിൽ 29 പേർ പൊലീസ് പിടിയിൽ. പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ബാങ്ക് സേഫ് കുത്തിത്തുറന്ന് പണം കവർന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ഭോട്ടെകോശി വെള്ളപ്പൊക്കത്തിലാണ് ബാങ്കിന്റെ സേഫ് ഒഴുക്കിൽപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം ധാഡിങ് ജില്ലയിലെ ഗൽച്ചി റൂറൽ മുനിസിപ്പാലിറ്റി-4ലെ ബെൽഖുഖോലക്ക് സമീപമുള്ള ത്രിഷൂലി നതീതീരത്തുനിന്നാണ് ഈ ലോക്കർ കണ്ടെത്തിയത്.
ലോക്കർ തകർത്ത് പണം എടുത്തതായി വിവരം ലഭിച്ചയുടൻ ധാഡിങ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരിൽ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) പിടിച്ചെടുക്കുകയും ചെയ്തു.
പിടിയിലായവരിൽ ഭൂരിഭാഗവും ഗൽച്ചി-4ലെ മാസ്തർ പ്രദേശവാസികളാണ്. ഗൽച്ചി-6ലെ ആദംഘട്ട്, സിദ്ധാലേഖ്-7ലെ ആദംതാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ധാഡിങിൽ താമസിക്കുന്ന ചിത്വാൻ, പർസ സ്വദേശികളും ഇതിൽ ഉൾപ്പെടുന്നു. 19-49 നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളവർ. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
പ്രളയക്കെടുതിക്കിടയിൽ നാരയാണി നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചതിന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയജലത്തിൽ ഒഴുക്കിൽപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് പ്രതികൾ കമ്മൽ ഊരിയെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.
അതേസമയം, നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്കുകൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുതുക്കി നിശ്ചയിച്ചു. ഇതുവരെ 626 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരുടെ എണ്ണം 2,426 ആയി ഉയർന്നു. വെള്ളിയാഴ്ച രാത്രിവരെ 1,924 പേരെ കാണാതായെന്നായിരുന്നു കണക്കെങ്കിൽ, ഒറ്റദിവസം കൊണ്ട് ഈ കണക്ക് കുത്തനെ ഉയരുകയായിരുന്നു. ദുരന്തത്തിൽ കാണാതായ വിദേശ പൗരന്മാരുടെ എണ്ണം 517 ആയി തുടരുന്നു. പ്രളയം ബാധിച്ച വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും ഇനിയും തുടരുകയാണ്.
അതേസമയം, രക്ഷാപ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങൾ നൽകിയ വാഗ്ദാനങ്ങൾ നേപ്പാൾ സർക്കാർ നിരസിച്ചു. സ്വന്തം സുരക്ഷാ ഏജൻസികൾക്ക് ഒറ്റക്ക് തന്നെ ഈ പ്രതിസന്ധി നേരിടാൻ സാധിക്കുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ-ചൈന അതിർത്തിയിലെ ഭോട്ടെകോശി, ത്രിശൂലി നദീതീരങ്ങളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ടുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനത്തിനായി സ്വന്തം സേനയെ അയക്കാൻ ഇന്ത്യയും ചൈനയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഔദ്യോഗികമായും അനൗദ്യോഗികമായും അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നേപ്പാൾ അവയെല്ലാം സ്നേഹപൂർവ്വം ഒഴിവാക്കുകയാണുണ്ടായത്. 2015ലെ ഭൂകമ്പത്തിനുശേഷം വിദേശത്തുനിന്നും നിരവധി രക്ഷാസംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്‌മെന്റിലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ സംഘങ്ങളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
എങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങളും മാനുഷിക സഹായങ്ങളും നേപ്പാൾ സ്വാഗതം ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് 500,000 ഡോളർ ധനസഹായം പ്രഖ്യാപിച്ചപ്പോൾ, ലോകാരോഗ്യ സംഘടന അടിയന്തര വൈദ്യസഹായങ്ങൾ എത്തിച്ചിട്ടുണ്ട്. പുനരധിവാസ ഘട്ടത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 1,545 പേർക്ക് പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ പൊലീസ് 4,348 ഉദ്യോഗസ്ഥരെയാണ് വിന്യഹിച്ചിരിക്കുന്നത്. റസുവ, നുവാകോട്ട്, ധഡിങ് തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരെ ഇതിനോടകം സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കാണാതായവരിൽ ഇന്ത്യക്കാരും അമേരിക്കക്കാരും ബ്രിട്ടീഷുകാരും ചൈനീസ് പൗരന്മാരുൾപ്പെടെ നിരവധി വിദേശികളും ഉൾപ്പെടുന്നു. ബാധിക്കപ്പെട്ട വിദേശ പൗരന്മാർക്ക് ആവശ്യമായ കോൺസുലാർ സഹായങ്ങൾ നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരു എമർജൻസി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

