നേപ്പാൾ പ്രളയം: ഇന്ത്യക്കാരെ തേടി...
text_fieldsനേപ്പാൾ മിന്നൽ പ്രളയത്തിൽ ജീവൻ വെടിഞ്ഞവർക്കായി കാഠ്മണ്ഡുവിലെ പശുപതി സംസ്കാര കേന്ദ്രത്തിൽ നടക്കുന്ന അന്ത്യകർമങ്ങൾ
കാഠ്മണ്ഡു: നേപ്പാൾ-തിബത്ത് അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ, ദുരന്തത്തിൽ കാണാതായ 320 ഇന്ത്യക്കാർക്കായി തെരച്ചിൽ തുടർന്ന് നേപ്പാൾ-ഇന്ത്യൻ സംഘങ്ങൾ.
ഇതിനിടെ, മിന്നൽ പ്രളയത്തിൽ ആകെ മരിച്ചവരുടെ എണ്ണം 626 ആയി. 320ലേറെ ഇന്ത്യക്കാരടക്കം 2500ഓളം പേരെക്കുറിച്ച് വിവരമില്ല. ദുരന്തം നാശം വിതച്ച റസുവയിലെ ജലവൈദ്യുതി നിലയത്തിൽനിന്ന് ശനിയാഴ്ച നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ താമസിയാതെ കാഠ്മണ്ഡുവിലെത്തിക്കും. ആകെ 88 ഇന്ത്യക്കാരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും ആദ്യം നിരസിച്ച നേപ്പാൾ സർക്കാർ പിന്നീട് പ്രത്യേക അനുമതി നൽകി. ഇതോടെ, ഇന്ത്യ മെഡിക്കൽ സംഘത്തേയും തുരങ്ക രക്ഷാവിദഗ്ധരേയും ദുരിതാശ്വാസ സാമഗ്രികളും അയച്ച് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വിദേശ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് കാണാതായ ഇന്ത്യക്കാരുടെ എണ്ണം 287 ആണ്. കാണാതായ ഇന്ത്യൻ വംശജർ 128 ഉം.
ചൈന അതിർത്തിക്കപ്പുറത്ത് കുടുങ്ങിയ 400ലേറെ ഇന്ത്യക്കാർ സുരക്ഷിതരാണ്. 149 പേരെ ചൈനയിൽനിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. കൈലാസ് മാനസസരോവർ യാത്രക്കായി എത്തിയ സംഘത്തിലെ 100ഓളം ഇന്ത്യൻ വംശജരെക്കുറിച്ചും വിവരമില്ല.
ഈ സംഘത്തിലെ നിരവധി പേരെ കാണാതായതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ, നേപ്പാളിന് സഹായവുമായി ഇന്ത്യയുടെ മൂന്നാം വിമാനം കാഠ്മണ്ഡുവിലെത്തി. കൂടുതൽ സഹായം നേപ്പാളിനെത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നരേന്ദ്ര മോദി സർക്കാറിനോടാവശ്യപ്പെട്ടു. ബെയ്ലി പാലങ്ങൾ നൽകാൻ നേപ്പാൾ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടിയിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്പിളുകളുടെ അപഗ്രഥനത്തിൽ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ സംഘങ്ങളും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള സംഘങ്ങൾ വെള്ളിയാഴ്ച എത്തിച്ചേർന്നിരുന്നു.
നേപ്പാളിൽ 517ഉം ചൈനയിൽ 260ഉം അടക്കം കാണാതായ വിദേശികൾ 777 ആണ്. ഇവരുടെ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. യു.എസ് പൗരന്മാർ 90, മലേഷ്യ 51, ആസ്ട്രേലിയ 41, യു.കെ 33, കാനഡ 25, ജർമനി എട്ട്, സിംഗപ്പൂർ ഒമ്പത് എന്നിങ്ങനെ 30ലേറെ രാജ്യക്കാർ കാണാതായവരിൽ പെടും.
മഞ്ഞുതടാകം തകർന്ന് ഇരച്ചെത്തിയ വെള്ളം റസുവ ജില്ലയിൽ ഭോട്ടെ കോഷി നദിയിലാണ് ബുധനാഴ്ച മിന്നൽ പ്രളയം തീർത്തത്. രക്ഷാപ്രവർത്തനങ്ങൾക്കിടെ കനത്ത മഴയും ഇടിമിന്നലും ശക്തിയാർജിച്ചത് വീണ്ടും ദുരന്തഭീഷണി ഉയർത്തുന്നുണ്ട്. ഇവിടങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

