നേപ്പാൾ പ്രളയത്തിൽ തകർന്ന ബാങ്കിൽ എട്ട് മണിക്കൂർ നീണ്ട ദൗത്യം; 51 കോടി രൂപയുടെ പണവും സ്വർണവും സുരക്ഷിതമായി മാറ്റി
text_fieldsകാഠ്മണ്ഡു: പ്രളയത്തിൽ തകർന്ന ബാങ്ക് ശാഖയിൽ നിന്ന് ഏകദേശം 1.5 കോടി നേപ്പാൾ രൂപയും 50 കോടി രൂപ വിലമതിക്കുന്ന സ്വർണവും സുരക്ഷിതമായി മാറ്റി നേപ്പാൾ പൊലീസ്. അഗ്രികൾച്ചർ ഡെവലപ്മെന്റ് ബാങ്കിന്റെ ത്രിശൂലി ധുങ്കെ ശാഖയിൽ നിന്നാണ് ബാങ്കിന്റെ ലോക്കറുകളും പ്രധാന രേഖകളും എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ വീണ്ടെടുത്തത്.
ഏകദേശം എട്ട് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ബാങ്കിന്റെ ലോക്കറുകൾ സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞത്. ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന പണത്തിനും സ്വർണത്തിനും പുറമെ ബാങ്കിന്റെ സെൻസിറ്റീവ് രേഖകളും പൊലീസ് വീണ്ടെടുത്തു. ഇവയെല്ലാം പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
ബാങ്കിന്റെ വിവിധ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് പ്രധാനമായും സുരക്ഷിതമായി മാറ്റിയത്. പ്രളയത്തിൽ ബാങ്ക് കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് ബാങ്ക് ആസ്തികൾ പൊലീസ് കണ്ടെടുത്തത്.
ഹിമാലയൻ മേഖലയിലുണ്ടായ അതിശക്തമായ പ്രളയവും മണ്ണിടിച്ചിലും നേപ്പാളിൽ വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ത്രിശൂലി നദിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ഹൈഡ്രോ പവർ പദ്ധതികളിൽ തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
നേരത്തേ, നേപ്പാളിലെ മറ്റൊരു പ്രളയബാധിത പ്രദേശത്ത് ബാങ്ക് ലോക്കർ പ്രളയജലത്തിൽ ഒഴുകിപ്പോയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് അത് ത്രിശൂലി നദിക്കരയിൽ കണ്ടെത്തുകയും ലോക്കർ തകർത്ത് പണം എടുത്തെന്നാരോപിച്ച് 29 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അവരിൽനിന്ന് 92.68 ലക്ഷം നേപ്പാൾ രൂപയും പൊലീസ് വീണ്ടെടുത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രളയത്തിൽ തകർന്ന ബാങ്കുകളിൽ ശേഷിക്കുന്ന പണവും സ്വർണവും രേഖകളും സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ പൊലീസ് ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

