Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂകമ്പമല്ല, ഹിമാനിയുടെ...

ഭൂകമ്പമല്ല, ഹിമാനിയുടെ തകർച്ച; നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ പുറത്ത്

text_fields
bookmark_border
Satellite imagery and scientific representation of glacial collapse and flash flood in Nepal Himalayas.
cancel

കാഠ്മണ്ഡു: നേപ്പാളിൽ നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടം വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നിൽ ഭൂകമ്പമല്ലെന്നാണ് ശാസ്ത്രജ്ഞരും ഉപഗ്രഹ നിരീക്ഷണ ഏജൻസികളും ഇപ്പോൾ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയൻ ഹിമാനിയുടെ (ഗ്ലേസിയർ) വലിയൊരു ഭാഗവും പാറക്കെട്ടുകളും തകർന്നു വീണതാണ് ത്രിശൂലി, ഭോട്ടെ കോശി നദീതീരങ്ങളിൽ ദുരന്തം വിതച്ച പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനമാണ് ഹിമാനി അടർന്നു വീണപ്പോൾ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

ഉയരത്തിൽ നിന്ന് പതിച്ച ദശലക്ഷക്കണക്കിന് ടൺ മഞ്ഞും പാറക്കല്ലുകളും 1.2 കിലോമീറ്ററോളം താഴേക്ക് പതിച്ചതോടെ ഉണ്ടായ ഘർഷണവും ഊർജ്ജവും മഞ്ഞിനെ ദ്രുതഗതിയിൽ ഉരുകി ചെളിനിറഞ്ഞ ശക്തമായ മലവെള്ളമാക്കി മാറ്റി. ഈ അവശിഷ്ടങ്ങൾ താഴ്‌വരയിലെ ലെന്ദെ ഖോല നദിയെ താത്കാലികമായി തടഞ്ഞ് പ്രകൃതിദത്ത അണക്കെട്ട് രൂപപ്പെടാൻ ഇടയാക്കി. എന്നാൽ മിനിറ്റുകൾക്കകം വർദ്ധിച്ചുവന്ന ജലസമ്മർദ്ദം കാരണം ഈ അണക്കെട്ട് പൊട്ടുകയും ഒമ്പത് മീറ്ററോളം ഉയരത്തിൽ ചെളി കലങ്ങിയ കൂറ്റൻ ജലപ്രവാഹം താഴ്വാരങ്ങളിലേക്ക് കുതിച്ചെത്തുകയുമായിരുന്നു.

ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് ഹിമാലയൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. പാറകളെയും മഞ്ഞിനെയും പരസ്പരം ഉറപ്പിച്ചു നിർത്തുന്ന 'പെർമാഫ്രോസ്റ്റ്' അന്തരീക്ഷ താപനില ഉയരുന്നതുമൂലം ഉരുകുന്നതാണ് പർവത ചരിവുകൾ തകരാൻ പ്രധാന കാരണം. ലങ്താങ് ലിരുങ് ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലെ ഹിമാനികളുടെ ദ്രുതഗതിയിലുള്ള പിന്മാറ്റവും അസ്ഥിരതയും ഹിമാലയൻ താഴ്‌വരകളിൽ ഭാവിയിലും ഇത്തരം മിന്നൽ പ്രളയങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഹിമാലയൻ മലനിരകളുടെ സവിശേഷമായ ഭൂപ്രകൃതിയും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമായി. അതിശക്തമായ ചരിവുകളിലൂടെ അതിവേഗത്തിൽ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ താഴേക്കുള്ള യാത്രയിൽ നദീതടങ്ങളിലെ മണ്ണും ഭീമാകാരമായ പാറക്കൂട്ടങ്ങളും പിഴുതെറിഞ്ഞ് കൂടെക്കൊണ്ടുപോവുകയായിരുന്നു. മലയിടുക്കുകളിലൂടെ സ്വാഭാവിക ഫണൽ പോലെ വെള്ളത്തിന്റെ ഒഴുക്ക് കേന്ദ്രീകരിക്കപ്പെട്ടതോടെ താഴെയുള്ള പ്രദേശങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നിമിഷങ്ങൾക്കകം ദുരന്തം ആഞ്ഞടിച്ചു. രക്ഷാപ്രവർത്തനം നടത്താനോ മുൻകരുതലുകൾ സ്വീകരിക്കാനോ ആളുകൾക്ക് സമയം ലഭിച്ചില്ല.

മലയോര മേഖലകളിൽ സമതല പ്രദേശങ്ങൾ വളരെ കുറവായതിനാൽ നദീതീരങ്ങളെ ആശ്രയിച്ചാണ് ജനവാസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കപെടുന്നത്. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ, റോഡുകൾ, പാലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം നദീതീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ലന്ദെ ഖോലയിൽ നിന്നാരംഭിച്ച മലവെള്ളപ്പാച്ചിൽ ഭോട്ടെ കോശി, ത്രിശൂലി, നാരായണി നദീതടങ്ങളിലൂടെ ഒഴുകിയെത്തി നേപ്പാൾ-ടിബറ്റ് അതിർത്തി വ്യാപാര കേന്ദ്രമായ ഗൈറോങ് തുറമുഖത്തെയും ഒട്ടേറെ ജലവൈദ്യുത നിലയങ്ങളെയും നിമിഷനേരം കൊണ്ട് തകർത്തു തരിപ്പണമാക്കി.

മഴക്കാലത്തെ സാധാരണ പ്രളയങ്ങളിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഇത്തരം അതിവേഗ ഹിമാനി തകർച്ചകൾ ഹിമാലയൻ ജനതയ്ക്ക് പുതിയൊരു ഭീഷണിയാണ് ഉയർത്തുന്നത്. ഈ നദീശൃംഖലകൾ പിന്നീട് ഇന്ത്യയിലെ ഗണ്ഡക് നദിയിലേക്കാണ് ഒഴുകിയെത്തുന്നത് എന്നതിനാൽ ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങളിലും വലിയ ജാഗ്രതാ നിർദ്ദേശം നൽകേണ്ടിവന്നു. പരമ്പരാഗത പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ കൊണ്ട് മാത്രം ഇത്തരം മിന്നൽ പ്രളയങ്ങളെ നേരിടാനാവില്ലെന്നും, അന്താരാഷ്ട്ര തലത്തിൽ അതിർത്തികൾ കടന്നുള്ള തത്സമയ ഉപഗ്രഹ നിരീക്ഷണവും ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalhimalayasglacier burst
News Summary - Nepal Flash Flood: The Science Behind the Catastrophic Himalayan Glacial Collapse
Next Story