തടാകമൺതിട്ട 72 മണിക്കൂറിനകം തകരും; നേപ്പാളിന് വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പുമായി ചൈന
text_fieldsകാഠ്മണ്ഡു: കനത്ത നാശനഷ്ടങ്ങൾ സമ്മാനിച്ച മിന്നൽ പ്രളയത്തിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ് അതിൽത്തിക്കടുത്ത് ചൈനയിൽ പുതിയതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് പുതിയൊരു തടാകം രൂപപ്പെട്ടിരിക്കുന്നുവെന്ന് ചൈനീസ് ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ ഇതിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കപ്പെടുകയും ഇത് കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ഏതുസമയത്തും തകരാൻ വലിയ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തുന്നതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
തടാകം തകർന്നാലുണ്ടാകുന്ന പ്രത്യാഘാതം നേരിടാൻ ചൈനീസ് എൻജിനീയർമാർ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരങ്ങളിലുള്ള ജനങ്ങളോട് നദിക്കരകളിൽ നിന്ന് മാറിനിൽക്കാൻ നേപ്പാൾ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 26-ന് നേപ്പാളിലെ ഭോട്ടേകോശി നദിയിലാണ് വൻ നാശനഷ്ടമുണ്ടാക്കിയ വെള്ളപ്പൊക്കമുണ്ടായത്. വലിയൊരു ഹിമാനിയുടെ ഭാഗം തകർന്നു വീണതാണ് ഇതിന് കാരണമായത്. ലാംഗ്താങ് ലിറുങ് പർവതനിരയുടെ 5,200 മീറ്റർ ഉയരത്തിൽ നിന്ന് ഹിമപാളി 1,200 മീറ്ററോളം താഴേക്ക് പതിച്ച് ഭോട്ടേകോശിയുടെ പോഷകനദിയായ ലെൻഡെ നദിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഹിമപാളികളും മണ്ണും പാറക്കല്ലുകളും ചേർന്ന് നദിയിൽ ഒരു സ്വാഭാവിക അണക്കെട്ട് രൂപപ്പെടുകയും, പിന്നീട് ഇത് പെട്ടെന്ന് തകർന്നതോടെ ചെളിയും മഞ്ഞും പാറക്കല്ലുകളും നിറഞ്ഞ കൂറ്റൻ ജലപ്രവാഹം താഴേക്ക് കുതിച്ചൊഴുകുകയുമാണുണ്ടായത്. സെക്കൻഡിൽ 5,850 ഘനമീറ്റർ എന്ന നിരക്കിലാണ് പ്രളയ ജലം ഒഴുകിയെത്തിയത്.
ഇതേസമയം തന്നെ ചൈനയിലെ ടിബറ്റ് മേഖലയിലുള്ള ഗിയിറോങ് അതിർത്തി കവാടത്തിന് സമീപം വലിയ ഉരുൾപൊട്ടലുമുണ്ടായി. ഇതുരണ്ടും ചേർന്നുണ്ടാക്കിയ വൻ ദുരന്തമാവുകയായിരുന്നു ഇത്. ആഗോളതാപന നിരക്ക് വർധിക്കുന്നതാണ് ഇത്തരം പെട്ടെന്നുള്ള ഹിമപാതങ്ങൾക്കും പ്രളയങ്ങൾക്കും കാരണമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. ഹിമാലയത്തിൽ മഞ്ഞുപാളികൾ ഉരുകി രൂപം കൊള്ളുന്ന തടാകങ്ങളുടെ എണ്ണവും വർധിക്കുന്നുണ്ട്. 2005-ൽ ഏകദേശം 1,900 ആയിരുന്ന ഹിമാലയൻ ഹിമതടാകങ്ങളുടെ എണ്ണം ഇപ്പോൾ 2,600-ലധികമായി വർധിച്ചിട്ടുണ്ട്.
നേപ്പാളിലെ അധികാരികളുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ എട്ട് ജില്ലകളിലായി 359 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടാതെ 517 വിദേശ പൗരന്മാർ ഉൾപ്പെടെ 826 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 288 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഇതിൽ 33 മലയാളികളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

