നേപ്പാൾ ദുരന്തം: കാണാമറയത്ത് 5,000ലേറെ പേർ
text_fieldsകാഠ്മണ്ഡു: രണ്ടാഴ്ച പിന്നിട്ട നേപ്പാൾ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താനാകാതെ 5,000ലേറെ പേർ. 1400 ഓളം പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ 30 രാജ്യക്കാരായ 589 വിദേശികളടക്കം 5,130 പേരെ കാണാതായതായാണ് ഇതുവരെയുള്ള കണക്ക്. നേപ്പാൾ- തിബത്ത് അതിർത്തിയിൽ ഹിമാനി തകർന്ന് കുത്തിയൊലിച്ചെത്തിയ ജലം ഭോട്ടെകോശി പുഴയിലാണ് മിന്നൽ പ്രളയം തീർത്തത്. നേപ്പാളിന് പുറമെ ചൈനയിലും 500ലേറെ പേരെ കുറിച്ച് വിവരമില്ല. 43 മൃതദേഹങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.
നേപ്പാളിൽ ചിത്വാൻ ജില്ലയിൽ മാത്രം 364 മൃതദേഹങ്ങൾ ലഭിച്ചു. നവൽപരാസി ഈസ്റ്റ്, വെസ്റ്റ്, നുവാകോട്ട്, റസുവ, ഗോർഖ, ധാഡിങ്, തനഹുൻ ജില്ലകളിലും നിരവധി പേർ മരിച്ചു. റസുവ, നുവാകോട്ട് ജില്ലകളിലെ ജല വൈദ്യുത നിലയങ്ങളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നുണ്ട്. ചിലിമെ നിലയത്തിലെ തുരങ്കത്തിൽ 115 മീറ്ററും അപ്പർ ത്രിശൂലി-1 നിലയത്തിൽ 400 മീറ്ററും മണ്ണ് നീക്കിയിട്ടുണ്ട്. റസുവാഗഢി, റസുവ ഭോട്ടെകോശി, ലാങ്ടാങ്, ത്രിശൂലി- 3എ, അപ്പർ ത്രിശൂലി -3ബി വൈദ്യുത നിലയങ്ങളിലും തിരച്ചിൽ തുടരുകയാണ്. കെട്ടിടങ്ങൾ മണ്ണ് മൂടിയതും വൻതോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതുമാണ് ഭീഷണിയാകുന്നത്. സമീപനാളുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അഴുകിയ നിലയിലായതിനാൽ തിരിച്ചറിയലും എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

