സഹായം ആവശ്യമില്ല; വിദേശ രാജ്യങ്ങളുടെ രക്ഷാപ്രവർത്തന വാഗ്ദാനം നിരസിച്ച് നേപ്പാൾ: മരണം 469 കടന്നു
text_fieldsകാഠ്മണ്ഡു: കനത്ത പ്രളയത്തിലും ഉരുൾപൊട്ടലിലും 469 പേർ കൊല്ലപ്പെടുകയും 2,500 ലധികം ആളുകളെ കാണാതാവുകയും ചെയ്തതിനെ തുടർന്ന്, രക്ഷാപ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങൾ നൽകിയ വാഗ്ദാനങ്ങൾ നേപ്പാൾ സർക്കാർ നിരസിച്ചു. സ്വന്തം സുരക്ഷാ ഏജൻസികൾക്ക് ഒറ്റക്ക് തന്നെ ഈ പ്രതിസന്ധി നേരിടാൻ സാധിക്കുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ-ചൈന അതിർത്തിയിലെ ഭോട്ടെകോശി, ത്രിശൂലി നദീതീരങ്ങളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് പിന്നാലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ടുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനത്തിനായി സ്വന്തം സേനയെ അയക്കാൻ ഇന്ത്യയും ചൈനയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഔദ്യോഗികമായും അനൗദ്യോഗികമായും അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നേപ്പാൾ അവയെല്ലാം സ്നേഹപൂർവ്വം ഒഴിവാക്കുകയാണുണ്ടായത്. 2015-ലെ ഭൂകമ്പത്തിനുശേഷം വിദേശത്തുനിന്നും നിരവധി രക്ഷാസംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്‌മെന്റിലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ സംഘങ്ങളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
എങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങളും മാനുഷിക സഹായങ്ങളും നേപ്പാൾ സ്വാഗതം ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് 500,000 ഡോളർ ധനസഹായം പ്രഖ്യാപിച്ചപ്പോൾ, ലോകാരോഗ്യ സംഘടന അടിയന്തര വൈദ്യസഹായങ്ങൾ എത്തിച്ചിട്ടുണ്ട്. പുനരധിവാസ ഘട്ടത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടുമെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 1,545 പേർക്ക് പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ പൊലീസ് 4,348 ഉദ്യോഗസ്ഥരെയാണ് വിന്യഹിച്ചിരിക്കുന്നത്. റസുവ, നുവാകോട്ട്, ധഡിങ് തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരെ ഇതിനോടകം സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കാണാതായവരിൽ ഇന്ത്യക്കാരും അമേരിക്കക്കാരും ബ്രിട്ടീഷുകാരും ചൈനീസ് പൗരന്മാരുൾപ്പെടെ നിരവധി വിദേശികളും ഉൾപ്പെടുന്നു. ബാധിക്കപ്പെട്ട വിദേശ പൗരന്മാർക്ക് ആവശ്യമായ കോൺസുലാർ സഹായങ്ങൾ നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരു എമർജൻസി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
ഇതിനിടെ കാണാതായ ദക്ഷിണ കൊറിയൻ പൗരന്മാരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയെങ്കിലും, നിലവിൽ വിദേശ രക്ഷാസംഘങ്ങളെ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേപ്പാൾ അറിയിച്ചതായി കൊറിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എങ്കിലും ഈ വിഷയത്തിൽ നേപ്പാളുമായി ചർച്ചകൾ തുടരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകൾ വഴി പത്ത് ലക്ഷം ഡോളറിന്റെ മാനുഷിക സഹായം നൽകുമെന്ന് കൊറിയ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

