നേപ്പാളിൽ വർഗീയ കലാപം: മൂന്ന് മരണം;സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ
text_fieldsബാലേന്ദ്ര ഷാ
കാഠ്മണ്ഡു: നേപ്പാളിൽ വർഗീയ കലാപം വ്യാപിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുകയും വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, രാജ്യത്ത് സമാധാനവും ഐക്യവും പാലിക്കണമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അഭ്യർത്ഥിച്ചു. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയും സൂക്ഷ്മതയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഘർഷങ്ങളെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ‘കഴിഞ്ഞ ദിവസങ്ങളിൽ സുൻസാരിയിലെ ദേവങ്കഞ്ച്, സിരാഹ എന്നിവിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഉണ്ടായ ദാരുണമായ സംഭവങ്ങളെയും തുടർന്ന് ചില ജില്ലകളിൽ രൂപപ്പെട്ടിട്ടുള്ള പ്രക്ഷുബ്ധമായ അന്തരീക്ഷത്തെയും നേപ്പാൾ ഗൗരവത്തോടെയാണ് കാണുന്നത്,’ ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെ നടത്തിയ പ്രസംഗത്തിൽ ബാലേന്ദ്ര ഷാ പറഞ്ഞു.
നിലവിൽ സുൻസാരി, സിരാഹ, ധനുഷ, പർസ എന്നീ ജില്ലകളിൽ കർഫ്യൂവും നിരോധനാജ്ഞയും കർശനമായ സുരക്ഷാ സന്നാഹങ്ങളുമാണുള്ളത്. നേപ്പാളിന്റെ തെക്കൻ പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും പടർന്നുപിടിച്ചത്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വലിയ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ കലാപം അയൽപ്രവിശ്യയായ മധേഷിലേക്ക് വ്യാപിക്കുകയും, സിരാഹ ജില്ലയിലെ ഗൊൽബസാർ മാർക്കറ്റിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സുൻസാരിയിൽ നേരത്തെ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് കോശി പ്രവിശ്യയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ മൂന്നായി ഉയർന്നു. സപ്തകോശി നദിയിലേക്കുള്ള 'ബോൾ ബാം' തീർത്ഥാടന യാത്രാ തയാറെടുപ്പുകൾക്കിടയിൽ ഉച്ചത്തിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് സുൻസാരി ജില്ലയിലെ ദേവങ്കഞ്ച് ഗ്രാമീണ പഞ്ചായത്തിൽ അക്രമങ്ങൾക്ക് തിരികൊളുത്തിയത്. ഒരു ഹിന്ദു ഘോഷയാത്രക്കിടയിൽ ഉച്ചത്തിലുള്ള സംഗീതവും മതപരമായ പതാകകളും സംബന്ധിച്ച് തർക്കങ്ങൾ രൂക്ഷമാവുകയും, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർക്കുകയുമായിരുന്നു എന്ന് പ്രാദേശിക ഉദ്യോഗസ്ഥനായ പോഷൻ ലാമിച്ചാനെ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഘർഷം കല്ലേറിലേക്കും വലിയ അക്രമങ്ങളിലേക്കും വഴിമാറിയതോടെ പൊലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിക്കുകയും, ഒടുവിൽ സായുധ പൊലീസ് സേന ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. വെടിയേറ്റ് ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
സാധാരണനില കൈവരിക്കുന്നതിനായി സർക്കാർ വിവിധ തലങ്ങളിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രതലത്തിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും, പ്രാദേശിക പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, മതനേതാക്കൾ, സമുദായാംഗങ്ങൾ എന്നിവരുമായി നിരന്തരമായ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമാധാന അന്തരീക്ഷം ഗൗരവമായി അവലോകനം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേരുകയും സ്ഥിതിഗതികൾക്കനുസൃതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
നാലര മിനിറ്റ് മാത്രം നീണ്ടുനിന്ന ടെലിവിഷൻ പ്രസംഗത്തിൽ, സംഘർഷം കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകളോ പ്രകോപനപരമായ ഉള്ളടക്കങ്ങളോ പ്രചരിപ്പിക്കരുതെന്ന് പൗരന്മാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ മതങ്ങളുടെയും അടിസ്ഥാനം കാരുണ്യവും ദയയും സ്നേഹവും സമാധാനവുമാണ്. രാജ്യത്തിന്റെ ഒരു ഭാഗത്തുണ്ടായ ആകസ്മികവും ദാരുണമായതുമായ സംഭവത്തിന്റെ പേരിൽ ഒരു മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്തുന്നതും മറ്റ് ഭാഗങ്ങളിൽ പ്രതികാരത്തിന്റെ തീ പടർത്തുന്നതും ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നേപ്പാളിയിലും മൈഥിലി ഭാഷയിലുമാണ് പ്രസംഗം അവസാനിപ്പിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

