Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിൽ ഹിമപാതം; ഹിംലുങ് ഹിമാൽ ബേസ് ക്യാമ്പിൽ 10 പേരെ കാണാതായി

text_fields
bookmark_border
avalanche hits Himlung Himal
cancel

കാഠ്മണ്ഡു: നേപ്പാളിലെ ഹിംലുങ് ഹിമാലിന്റെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തെ തുടർന്ന് 10 പേരെ കാണാതായി. മനാങ് ജില്ലയിലെ 7126 മീറ്റർ ഉയരമുള്ള ഹിംലുങ് ഹിമാലിന്റെ ബേസ് ക്യാമ്പിലാണ് ഞായറാഴ്ച രാവിലെ ഹിമപാതമുണ്ടായത്. അപകടത്തിൽ പത്ത് പേരെ കാണാതായതായി അധികൃതർ സ്ഥിരീകരിച്ചു. കാണാതായവരിൽ വിവിധ പര്യവേഷണ സംഘങ്ങളിലെ ജീവനക്കാരും ഉൾപ്പെടും.

കാണാതായ പത്ത് പേരിൽ എട്ട് പേർ ഹിമാലയൻ ഹോളിഡേഴ്സ് നേപ്പാളിൽ നിന്നുള്ളവരും രണ്ടുപേർ ഇമാജിൻ നേപ്പാൾ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ളവരുമാണെന്ന് എക്സ്പെഡിഷൻ ഓപറേറ്റേഴ്സ് അസോസിയേഷൻ നേപ്പാളിന്റെ ജനറൽ സെക്രട്ടറി ഋഷി ഭണ്ഡാരി പറഞ്ഞു.

നേപ്പാൾ ടൂറിസം വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡയറക്ടർ ജനറൽ രാം കൃഷ്ണ ലാമിച്ചനെ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണെന്നും കാണാതായവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളായി മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് നിരവധി പർവതാരോഹകരും റോപ്പ് ഫിക്സിങ് സംഘങ്ങളും അപകടസാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പ് മേഖലയിൽ തുടരുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഹിമപാതമുണ്ടായത്. ബേസ് ക്യാമ്പിലെ ടെന്റുകൾ മഞ്ഞിനടിയിൽപ്പെട്ടതായാണ് വിവരം.

ഹിംലുങ് ഹിമാൽ നേപ്പാളിലെ മാനങ് ജില്ലയിലെ നാർ ഫു മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള ഈ പർവതം ഉയർന്ന പ്രദേശങ്ങളിലെ പർവതാരോഹണ പരിശീലനത്തിനായി നിരവധി പേർ തിരഞ്ഞെടുക്കുന്ന മേഖലയാണ്. പ്രദേശത്തേക്ക് ഹെലികോപ്റ്റർ എത്തിക്കുന്നതിന് അധിക അനുമതി ആവശ്യമായതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാകുമെന്ന് അധികൃതർ അറിയിച്ചു.

നേപ്പാളിലെ പർവതപ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ മഴയും തുടരുകയാണ്. വെള്ളിയാഴ്ച മുതൽ തുടരുന്ന പ്രതികൂല കാലാവസ്ഥയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതത്തെയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ചില റോഡുകൾ അടച്ചിടുകയും ട്രെക്കിങ്, പർവതാരോഹണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nepal avalanche himlung himal 10 missing
Next Story