അടിയന്തര ചികിത്സ വേണം; ഗസ്സയിൽ കുട്ടികൾ മരിച്ചുവീഴുന്നു –യു.എൻ
text_fieldsഗസ്സ: അതിഗുരുതര രോഗങ്ങളാൽ മരണത്തോട് മല്ലിടുന്ന 2500 കുട്ടികളെ അടിയന്തരമായി ഗസ്സയിൽനിന്ന് പുറത്തെത്തിക്കണമെന്ന് യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഗസ്സക്ക് പുറത്തുവന്നാൽ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിനിടെ ഗസ്സയിലെ സേവനം ചെയ്ത നാല് അമേരിക്കൻ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സമൂഹ മാധ്യമത്തിലാണ് ഗുട്ടെറസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗുരുതര രോഗികളായ പല കുട്ടികളും ചികിത്സ കിട്ടാതെ ഗസ്സയിൽ മരിക്കുകയാണെന്ന് കാലിഫോർണിയയിലെ ട്രോമ സർജൻ ഫിറോസ് സിദ്വ പറഞ്ഞു. ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഏപ്രിൽ എട്ടുവരെ ഫിറോസ് ഗസ്സയിൽ സേവനമനുഷ്ഠിച്ചിരുന്നു. ചില കുട്ടികൾ ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന അവസ്ഥയാണ്. ഭൂരിഭാഗം കുട്ടികൾക്കും ആവശ്യമായ നിസ്സാരമായ ചികിത്സ പോലും ഗസ്സയിൽ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളിൽ പരിക്കേറ്റതിനെ തുടർന്ന് കൈകാലുകൾ മുറിച്ചുമാറ്റിയ നിരവധി കുട്ടികൾക്ക് കൃത്രിമ അവയവങ്ങളോ പുനരധിവാസമോ ലഭിക്കുന്നില്ലെന്ന് സ്റ്റാൻഫോർഡ് സർവകലാശാല ഡോക്ടർ ആയിഷ ഖാൻ ചൂണ്ടിക്കാട്ടി. കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന അനാഥരായ രണ്ട് പെൺകുട്ടികളുടെ ചിത്രം മാധ്യമ പ്രവർത്തകരെ കാണിച്ച ആയിഷ, ഗസ്സയിൽനിന്ന് ഒഴിപ്പിച്ചാൽ മാത്രമേ ഈ പെൺകുട്ടികൾ അതിജീവിക്കൂവെന്നും പറഞ്ഞു.
ഒന്നിൽ കൂടുതൽ പരിചാരകരുടെ സഹായത്തോടെ കുട്ടികളെ പുറത്തേക്കുപോകാൻ ഇസ്രായേൽ അനുവദിക്കുന്നില്ല. ഈ കുട്ടികളെ ചികിത്സക്ക് പുറത്തുകൊണ്ടു പോകാൻ ബന്ധു തയാറായിരുന്നു. പക്ഷേ, ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ കൂടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നതെന്നും കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെ ഗസ്സയിൽ ആതുര സേവനം ചെയ്ത ആയിഷ കൂട്ടിച്ചേർത്തു.
ഗസ്സയിൽ 2500 കുട്ടികളടക്കം 12,000 പേർ അടിയന്തര ചികിത്സക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് വെടിനിർത്തൽ നടപ്പിൽ വരുന്നതിനുമുമ്പ് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

