ഗസ്സ: അഭയകേന്ദ്രങ്ങളിൽ 6ലക്ഷം പേർ, താങ്ങാവുന്നതിന്റെ നാലിരട്ടി -ഐക്യരാഷ്ട സഭ അഭയാർഥി വിഭാഗം
text_fieldsഗസ്സ: പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും ഇസ്രായേൽ ബോംബിട്ട് തകർത്തതോടെ ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞുകവിയുന്നു. ആറുലക്ഷം പേരാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ക്യാമ്പുകളിൽ കഴിയുന്നത്. 150 ക്യാമ്പുകളിലായാണ് ഇത്രയും മനുഷ്യർ. ഉൾക്കൊള്ളാനാവുന്നതിന്റെ നാലുമടങ്ങാണിതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമീഷണർ ജനറൽ ഫിലപ് ലസാറിനി അറിയിച്ചു.
വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ മനുഷ്യർ തെരുവിൽ കിടക്കുകയാണ്. ഇന്ധനക്ഷാമം 40 കേന്ദ്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. “ഞങ്ങളുടെ അഭയകേന്ദ്രങ്ങളിൽ അവയുടെ ശേഷിയേക്കാൾ നാലിരട്ടി മനുഷ്യരാണ് കഴിയുന്നത്. നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവുകളിൽ ഉറങ്ങുകയാണ്” -യു.എൻ.ആർ.ഡബ്ല്യു.എ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ഇന്ധനമില്ലാതെ ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കില്ലെന്നും ആശുപത്രികൾ അടച്ചിടാൻ പോവുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ ഗസ്സ ഡയറക്ടർ തോമസ് വൈറ്റ് അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ അഭയാർഥി സംരക്ഷണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, തങ്ങളുടെ പ്രവർത്തനങ്ങൾക്കായി നെതർലൻഡ്സ് 80 ലക്ഷം യൂറോ സംഭാവന നൽകിയതായി യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. ഇത് ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം നൽകുമെന്നും നെതർലൻഡ്‌സിനും വിദേശ വ്യാപാര വികസന മന്ത്രി ലീഷെ ഷ്രൈനെമഹറിനും നന്ദിയറിയിക്കുന്നുവെന്നും യു.എൻ.ആർ.ഡബ്ല്യു.എ സമൂഹമാധ്യമത്തിൽ അറിയിച്ചു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരണസംഖ്യ 5,800 കവിഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവരിൽ 7,000 പേർ മരണാസന്നരാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായി ഗസ്സയിലെ ആശുപത്രികൾ മാറി. വൈദ്യസഹായവും ഇന്ധനവും അടിയന്തരമായി എത്തിക്കണമെന്ന് ഡോക്ടർമാരും ഉദ്യോഗസ്ഥരും നിരന്തരം ആവശ്യപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

