
കാനഡയുടെ ഉറക്കംകെടുത്തി റസിഡൻഷ്യൽ സ്കൂൾ വളപ്പിൽ വീണ്ടും കൂട്ടക്കുഴിമാടം
text_fieldsവാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ മുൻ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് വീണ്ടും കൂട്ടക്കുഴിമാടം. കാനഡയുടെ പൊതുസംസ്കാരത്തിെൻറ ഭാഗമാക്കാനെന്നു പറഞ്ഞ് ഗോത്രവർഗക്കാരായ കുരുന്നുകളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് പാർപ്പിച്ച റസിഡൻഷ്യൽ സ്കൂൾ പരിസരത്താണ് വീണ്ടും 182 പേരുടെ കുഴിമാടം കണ്ടെത്തിയത്. കുടുംബങ്ങളുടെ പ്രതിഷേധം അവഗണിച്ച് കൊണ്ടുവന്ന് ആവശ്യത്തിന് പോഷണവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവിൽ മരണപ്പെട്ട കുട്ടികളാണ് ഇങ്ങനെ ആരോരുമറിയാതെ റസിഡൻഷ്യൽ സ്കൂൾ പരിസരങ്ങളിൽ അടക്കപ്പെട്ടത്.
ബ്രിട്ടീഷ് കൊളംബിയയിലെ ക്രാൻബ്രൂകിലെ സെൻറ് യൂജിൻ മിഷൻ സ്കൂൾ പരിസരത്ത് ഗോത്രവർഗ സംഘടനകളുടെ മേൽനോട്ടത്തിലാണ് പുതിയ സാങ്കേതികത ഉപയോഗിച്ച് ഖനനം നടത്തിയത്. 1912 മുതൽ 1970കൾ വരെ കത്തോലിക്ക സഭയായിരുന്നു സ്കൂൾ നടത്തിയിരുന്നത്. കാനഡ സർക്കാർ ഫണ്ട് നൽകി നടന്ന 130ലേറെ നിർബന്ധിത ബോർഡിങ് സ്കൂളുകളിലൊന്നായിരുന്നു ഇത്.
കഴിഞ്ഞ മേയ് മാസത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്സിൽ 215 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച സാസ്കചെവാനിൽ 751 പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഏറെയും കുട്ടികളുടെയായിരുന്നു.
മൂന്ന് ബ്രിട്ടീഷ് കോളനികൾ ചേർത്ത് 1867ൽ കാനഡ ഡൊമിനിയൻ രൂപവത്കരിച്ചതിെൻറ വാർഷികമായ കാനഡ ദിനം ജൂലൈ ഒന്നിന് ആഘോഷമാക്കാനിരിക്കെയാണ് വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ. ഈ ആഘോഷം നിർത്തിവെക്കണമെന്ന് ഗോത്രവർഗ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെ കാനഡയിലുടനീളം വിവിധ മുനിസിപ്പാലിറ്റികളിൽ ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചവരുടെ പ്രതിമകൾ തകർത്തും ആഘോഷം പിൻവലിച്ചും ഐക്യദാർഢ്യ പ്രകടനം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
