ഇംറാൻ ഖാൻ ഭീരു, അറസ്റ്റിൽ നിന്ന് ഒളിച്ചോടുന്നു -മർയം നവാസ്
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ മുസ്‍ലിം ലീഗ് നവാസ് മേധാവി നവാസ് ശെരീഫിനെയും ഇംറാൻ ഖാനെയും താരതമ്യം ചെയ്യാനാകില്ലെന്നും നവാസ് ധൈര്യശാലിയാണെന്നും പി.എം.എൽ -എൻ നേതാവ് മർയം നവാസ്. ഞായറാഴ്ച അറസ്റ്റ് ചെയ്യാനെത്തിയ ഇസ്‍ലാമാബാനദ് പൊലീസിൽ നിന്ന് ഇംറാൻ ഒഴിഞ്ഞു മാറിയതിനെ മർയം പരിഹസിക്കുകയും ചെയ്തു.
ഇംറാൻഖാന്റെ ജയിൽ നിറക്കൽ സമരം ചരിത്രത്തിൽ തന്നെ പരാജയപ്പെട്ട സമരമായിരുന്നുവെന്ന് മർയം പരിഹസിച്ചു. നവാസ് ശെരീഫ് ധൈര്യശാലിയായിരുന്നു. മോശം സാഹചര്യത്തിൽ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചു. എന്നാൽ ഇംറാൻ ഖാൻ ഒരിക്കലും ജയിലിലെത്തിയില്ലെന്നും മർയം പറഞ്ഞു.
‘നവാസ് ശെരീഫ് കേൾക്കൂ, കുറച്ച് ധൈര്യം ഇംറാൻ ഖാന് നൽകൂ’ - മർയം ട്വീറ്റ് ചെയ്തു. സിംഹം നിരപരാധിയാണെങ്കിൽ പോലും, അദ്ദേഹം മകളുടെ കൈപിടിച്ച് ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് വന്ന് അറസ്റ്റ് വരിക്കും. ഭീരൂ, പുറത്തു പോവുക! രാജ്യത്തിന് സിംഹത്തെയും കുറുക്കനെയും തിരിച്ചറിയാനാകും’.
‘കുറുക്കൻ കള്ളനാണെങ്കിൽ, അയാൾ മറ്റുള്ളവരുടെ പെൺമക്കളുടെ പിറകിലൊളിക്കുകയും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അവരെ മറയാക്കുകയും ചെയ്യും’ - മർയം പറഞ്ഞു.