Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവനീതം പിള്ള: നീതിക്കായി സമർപ്പിച്ച ജീവിതം

text_fields
bookmark_border
2025ൽ യു.എൻ മനുഷ്യാവകാശ കമീഷൻ നിയോഗിച്ച നവി പിള്ള അടങ്ങിയ സ്വതന്ത്ര അന്വേഷണ സമിതി ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു
നവനീതം പിള്ള: നീതിക്കായി സമർപ്പിച്ച ജീവിതം
cancel

എന്നും നീതിയുടെ പക്ഷത്തായിരുന്നു നവനീതം പിള്ള എന്ന നവി പിള്ള. ഫലസ്തീനിലായാലും റുവാണ്ടയിലായാലും ജന്മനാടായ ദക്ഷിണാഫ്രിക്കയിലായായും നീതിക്കുവേണ്ടി നില കൊണ്ട നിയമ ജീവിതമാണ് നവി പിള്ള നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് തന്റെ നൊബേൽ പുരസ്കാര നേട്ടം ‘അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലെ അതിജീവിതർക്കായി’ സമർപ്പിക്കുന്നതായി അവർ പ്രഖ്യാപിച്ചതും. അന്താരാഷ്ട്ര നിയമ വ്യവസ്ഥക്കായി എല്ലാവരും നിലകൊള്ളണമെന്നായിരുന്നു പുരസ്കാര നേട്ടത്തിനുപിന്നാലെ നവി പിള്ളയുടെ ആഹ്വാനം.

2025ൽ യു.എൻ മനുഷ്യാവകാശ കമീഷൻ നിയോഗിച്ച നവി പിള്ള അടങ്ങിയ സ്വതന്ത്ര അന്വേഷണ സമിതി ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിൽ യു.എന്നിന്റെ ഭാഗത്തുനിന്ന് തുടർനടപടിയൊന്നുമുണ്ടായില്ലെങ്കിലും നവി പിള്ളയടങ്ങിയ സമിതി ഇസ്രായേലിന്റെ ചെയ്തികളെ വംശഹത്യ എന്ന് വിശേഷിപ്പിച്ചത് പരക്കെ പ്രശംസിക്കപ്പെട്ടു. എന്നാൽ, ഇസ്രായേൽ പിള്ളക്കും സമിതിക്കുമെതിരെ രംഗത്തെത്തി. സമാധാന നൊബേൽ പ്രഖ്യാപിച്ചപ്പോഴും ഇസ്രായേലിന്റെ പ്രതികരണം രൂക്ഷമായിരുന്നു. എന്നാൽ, വിവിധ ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും നവി പിള്ളക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

1941 സെപ്റ്റംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ക്ലെയർവുഡിലാണ് നവനീതം പിള്ള ജനിച്ചത്. ഇന്ത്യൻ വംശജരായ തമിഴ് കുടുംബം. തമിഴ്നാട് സ്വദേശിയായ മുത്തച്ഛനാണ് കരാർ തൊഴിലാളിയായി ദക്ഷിണാഫ്രിക്കയിലെത്തിയത്. ബസ് ഡ്രൈവറായിരുന്നു നവനീതത്തിന്റെ പിതാവ്. അദ്ദേഹവും വീട്ടമ്മയായിരുന്ന മാതാവും എട്ടു മക്കളുള്ള കുടുംബത്തെ പോറ്റാൻ ഏറെ പ്രയാസപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന അവർ മക്കളെയെല്ലാം പഠിപ്പിക്കാൻ ശ്രമിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ വലിയ പ്രാധാന്യം നൽകി. നാറ്റൽ സർവകലാശാലയിൽ പഠിച്ച അവർ പിന്നീട് ഹാർവഡ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. എന്നാൽ, വർണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാരും ഇന്ത്യൻ വംശജരും നേരിട്ട സാമൂഹികവും സാമ്പത്തികവുമായ പ്രതിബന്ധങ്ങൾ അവർക്കും അനുഭവിക്കേണ്ടിവന്നു. എങ്കിലും അതിനെയെല്ലാം അവർ തരണം ചെയ്തു.

1967ൽ ദക്ഷിണാഫ്രിക്കയിലെ നാറ്റൽ പ്രവിശ്യയിൽ നിയമസ്ഥാപനം ആരംഭിച്ച ആദ്യ വർണേതര വനിതയായി അവർ. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച നവി പിള്ള 1973ൽ തടവുകാർക്ക് അഭിഭാഷകരുടെ സേവനം ലഭിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിൽ പങ്കുവഹിച്ചു. ദക്ഷിണാഫ്രിക്കയുടെ ഭരണഘടനയിൽ സമത്വം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും അവർ പങ്കാളിയായി.

ദക്ഷിണാഫ്രിക്കൻ ഹൈകോടതി, റുവാണ്ടക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 1992ൽ ജെസീക്ക ന്യൂവിർത്ത്, ഫേറിയൽ ഗരാഹി എന്നിവർക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇക്വാലിറ്റി നൗ സ്ഥാപിക്കുന്നതിലും നവി പിള്ള പങ്കാളിയായി.

ഗാബി പിള്ളയാണ് (പരൻജ്യോതി ആന്റണി പിള്ള) ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Navanethem Pillay: A Life Dedicated to Justice
Next Story