നാറ്റോ ഉച്ചകോടി ഇന്നുമുതൽ
text_fieldsവിൽനിയസ്: നാറ്റോ സൈനിക സഖ്യരാജ്യങ്ങളുടെ 74ാമത് ഉച്ചകോടി ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലിത്വേനിയൻ തലസ്ഥാനമായ വിൽനിയസിൽ നടക്കും. 40 രാഷ്ട്രത്തലവന്മാരും 150ഓളം ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കും. ലിത്വേനിയയിൽ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വിൽനിയസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചു. ബാൾട്ടിക് കടലിൽ നാറ്റോ അധിക കപ്പലുകൾ വിന്യസിച്ചു.
സുരക്ഷയൊരുക്കാൻ ലിത്വേനിയൻ സൈന്യവും പൊലീസും കൂടാതെ സ്പെയിൻ, ജർമനി, പോളണ്ട്, ലാത്വിയ തുടങ്ങിയ നാറ്റോ അംഗരാജ്യങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. വിൽനിയസിന്റെയും സമീപപ്രദേശങ്ങളുടെയും മുകളിൽ വ്യോമഗതാഗതം വിലക്കിയിട്ടുണ്ട്.
അതിനിടെ യുക്രെയ്നെ നാറ്റോയിൽ ചേർക്കുന്നതു സംബന്ധിച്ച് അംഗരാഷ്ട്രങ്ങൾക്കിടയിൽ ഭിന്നതയുണ്ട്. നാറ്റോയിൽ അംഗമാകാൻ യുക്രെയ്ന് അർഹതയുണ്ടെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞപ്പോൾ സമയമായിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരെക്കണ്ട് പിന്തുണ അഭ്യർഥിച്ചുവരുകയാണ്.
ആതിഥേയരായ ലിത്വേനിയ ഉൾപ്പെടെ രാജ്യങ്ങൾ യുക്രെയ്ന് അനുകൂലമാണ്. എന്നാൽ, ഈ ഉച്ചകോടിയിൽ അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. സ്വീഡനും അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. തുർക്കിയയും ഹംഗറിയും എതിർപ്പുയർത്തിയതാണ് അവർക്കുമുന്നിലെ തടസ്സം. നാറ്റോ അംഗമാകണമെങ്കിൽ എല്ലാ അംഗരാഷ്ട്രങ്ങളുടെയും പിന്തുണ ആവശ്യമാണ്. കഴിഞ്ഞ ഏപ്രിലിൽ ഫിൻലൻഡിനെ നാറ്റോയിൽ ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

