സ്റ്റോക്ഹോം: അമേരിക്കയുടെ കാർമികത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാവാൻ സ്വീഡനും ഫിൻലൻഡും ബുധനാഴ്ച അപേക്ഷ സമർപ്പിക്കും. ഇതുസംബന്ധിച്ച അപേക്ഷയിൽ ചൊവ്വാഴ്ച സ്വീഡൻ ഒപ്പിട്ടു. നാറ്റോയിൽ ചേരാനുള്ള ഭരണനേതൃത്വത്തിന്റെ തീരുമാനത്തിന് ഫിൻലൻഡ് പാർലമെന്റംഗങ്ങൾ അംഗീകാരം നൽകി.
200 വർഷത്തെ സൈനിക നിഷ്പക്ഷതക്ക് വിരാമമിട്ടാണ് റഷ്യൻ വിരുദ്ധ നാറ്റോ സഖ്യത്തിന്റെ ഭാഗമാവാനുള്ള സ്വീഡന്റെ നീക്കം. രണ്ടാം ലോക യുദ്ധാനന്തരം ചേരിചേര സംവിധാനത്തിന്റെ ഭാഗമായിരുന്നു ഫിൻലൻഡും. സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻഡെയാണ് ചൊവ്വാഴ്ച സ്റ്റോക്ഹോമിൽ നാറ്റോ അംഗത്വ അപേക്ഷയിൽ ഒപ്പിട്ടത്. രണ്ടു രാജ്യങ്ങളും ബുധനാഴ്ച അപേക്ഷ നാറ്റോ സെക്രട്ടറി ജനറലിന് സമർപ്പിക്കും.
സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സണും ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റും സ്റ്റോക്ഹോമിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒടുവിൽ ജനാധിപത്യം വിജയിച്ചതായി നിനിസ്റ്റ് പ്രതികരിച്ചു. യുക്രെയ്നെതിരായ റഷ്യയുടെ അധിനിവേശത്തെ തുടർന്നാണ് ഈ രാജ്യങ്ങൾ നാറ്റോയുടെ ഭാഗമാവാനുള്ള നീക്കം തുടങ്ങിയത്.
മിക്ക നാറ്റോ സഖ്യരാഷ്ട്രങ്ങളും ഇരുരാജ്യങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിർപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. സ്വീഡന്റെയും ഫിൻലൻഡിന്റെയും ശ്രമം അംഗീകരിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ അഭയം തേടിയ കുർദ് വിമതരെ വിട്ടുനൽകണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യം അവഗണിക്കുന്നതാണ് തുർക്കിയുടെ നീരസത്തിന് കാരണം.
നാറ്റോക്കുള്ളിൽ തുർക്കിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സൺ പ്രതികരിച്ചു.