വാഷിങ്ടൺ വെടിവെപ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചുവെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: വാഷിങ്ടൺ ഡി.സിയിൽവെച്ച് വെടിയേറ്റ നാഷണൽ ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടുവെന്ന് ഡോണാൾഡ് ട്രംപ്. സാറ ബെക്സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവർ ചികിത്സയിൽ തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വെടിവെപ്പിൽ പരിക്കേറ്റ മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് ഗുരുതരപരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്സ്റ്റോമിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
ബെക്സ്റ്റോം 2023 ജൂൺ 26നാണ് സർവീസിൽ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവർ പ്രവർത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം.
അമേരിക്കൻ പ്രാദേശിക സമയം 2.15നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.
അക്രമി 15ലധികം തവണ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണൽ ഗാർഡ് അംഗങ്ങൾ അക്രമിയെ കീഴ്പ്പെടുത്തിയത്. വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണൽ ഗാർഡ് അംഗങ്ങളെ വാഷിങ്ടൺ ഡി.സിയിൽ വിന്യസിച്ചു. വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകളിലെ നടപടികൾ അമേരിക്ക നിർത്തിവെച്ചിരുന്നു.
സുരക്ഷാ പരിശോധനകൾ പൂർത്തിയാകും വരെ അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ അപേക്ഷകളുടെ നടപടികൾ അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിർത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

