കാലിഫോർണിയ: ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി, ചുവന്ന ഗ്രഹത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള പദ്ധതിയുമായി നാസ. ശാസ്ത്രീയപഠനത്തിനായി ചൊവ്വയിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ മാർസ് സാമ്പ്ൾ റിട്ടേൺ (എം.എസ്.ആർ) പദ്ധതിക്ക് രൂപം നൽകിയ അമേരിക്കൻ ബഹിരാകാശ ഏജൻസി, ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. ഇതോടെ പദ്ധതിയുമായി മുന്നാട്ടുപോകാനാണ് തീരുമാനം. ബഹിരാകാശ ഗവേഷണത്തിലെ ഈയൊരു നിർണായക ചുവടുവെപ്പിനായി യൂറോപ്യൻ സ്പേസ് സഹകരിക്കുന്നുണ്ടെന്നും നാസ വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ജൂലൈയിൽ നാസ വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകമായ 'പേഴ്സിവറെൻസ്' ഇതുവരെയായി പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്. ഇതു ചൊവ്വയിൽ ഇറങ്ങി ഗ്രഹത്തിലെ പാറയുടെയും മണ്ണിെൻറയും സാമ്പിളുകൾ ശേഖരിക്കും. ഇങ്ങനെ ശേഖരിച്ച സാമ്പിളുകൾ ട്യൂബുകളിലാക്കി ചൊവ്വയുടെ ഉപരിതലത്തിൽ സൂക്ഷിക്കും.
ഈ സാമ്പിളുകൾ യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച റോവറിെൻറ സഹായത്തോടെ നാസയുടെ 'മാർസ് ആക്സൻറ് വെഹിക്കിളി'ൽ എത്തിക്കും. ഇതിൽനിന്ന് സാമ്പ്ൾ ട്യൂബുകൾ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. ''യൂറോപ്യൻ ഏജൻസിയുടെതന്നെ എർത്ത് റിട്ടേൺ ഓർബിറ്റർ ഭ്രമണപഥത്തിൽനിന്ന് ഈ സാമ്പിളുകൾ ശേഖരിക്കുകയും അതിസുരക്ഷിതമായ പേടകങ്ങളിലാക്കി 2030 ഓടെ ഭൂമിയിൽ എത്തിക്കുകയും ചെയ്യും'' -നാസ ഇതു സംബന്ധിച്ച് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.