ന്യൂയോർക്: പെർസിവറൻസ് ചൊവ്വയിലിറങ്ങിയതിെൻറ തെളിവാർന്ന വിഡിയോ പുറത്തുവിട്ട് നാസ.ചൊവ്വയുടെ ഉപരിതലത്തിലെ ശബ്ദങ്ങൾ സഹിതമാണ് വിഡിയോ. ആദ്യമായാണ് ഒരു പേടകം ചൊവ്വ ഗ്രഹത്തിെൻറ ഉപരിതലത്തിലെ ശബ്ദം ഒപ്പിയെടുത്തത് പുറത്തുവിടുന്നത്. റോവറിെൻറ ശബ്ദം ഉൾപ്പെടെയുള്ള വിഡിയോറെക്കോഡിൽ കാറ്റ് വീശുന്ന ശബ്ദവും കേൾക്കാം. എച്ച്.ഡി ക്വാളിറ്റിയുടെ ചൊവ്വയിലെ വിഡിയോ ആദ്യമായാണ് ലോകം വീക്ഷിക്കുന്നത്. ഈ മാസം 18ന് വലിയ ശബ്ദത്തോടെ ചുവന്ന പൊടിനിറഞ്ഞ ഗ്രഹത്തിെൻറ ഉപരിതലത്തിലേക്ക് പേടകം ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 19 കാമറകളാണ് പേടകത്തിലുള്ളത്. ലാൻഡിങ്ങിെൻറ വിവിധ ഘട്ടങ്ങളിലായി നാലു കാമറകൾ വേറെയും. ഈ കാമറകളിൽനിന്ന് പകർത്തിയ നൂറുകണക്കിന് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഏഴുമാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പേടകം ചുവന്നഗ്രഹത്തിലെത്തിയത്. ഭീകരതയുടെ ഏഴ് മിനിറ്റുകൾ എന്ന് വിശേഷിപ്പിച്ച അതിസങ്കീർണമായ ഘട്ടം തരണം ചെയ്താണ് പെർസിവറൻസ് ചൊവ്വയിലെ ജെസെറോ ഗർത്തത്തിലിറങ്ങിയത്. ചൊവ്വയിൽ ജീവെൻറ കണികകൾ കണ്ടെത്തുകയാണ് പേടകത്തിെൻറ പ്രധാന ലക്ഷ്യം.
പേടകത്തിൽ ഘടിപ്പിച്ച ഇൻജെന്യൂയിറ്റി ഹെലികോപ്ടർ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ചൊവ്വയുടെ ഇതുവരെ കാണാത്ത ദൃശ്യങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുക. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണിത്.