നാസക്കും രക്ഷയില്ല, സാമ്പത്തിക പ്രതിസന്ധിയിൽ പ്രവർത്തനം നിർത്തിവെച്ച് ഏജൻസി, ട്രംപിന്റെ നടപടിയിൽ നട്ടം തിരിഞ്ഞ് യു.എസ്
text_fieldsനാസ പുറപ്പെടുവിച്ച അറിയിപ്പുകളിലൊന്ന്
വാഷിങ്ടൺ: സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്ലിൻമേൽ റിപ്പബ്ളിക്കൻമാരും ഡെമോക്രാറ്റുകളും തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ യു.എസ് അക്ഷരാർഥത്തിൽ ഷട്ട്ഡൗണിലേക്ക്. ബഹിരാകാശ ഏജൻസി നാസയുടെ പ്രവർത്തനങ്ങൾ നിലച്ചു. സർക്കാർ ഫണ്ടിംഗ് നിലച്ചതോടെ പ്രവർത്തനങ്ങൾനിർത്തിവച്ചിരിക്കുകയാണെന്ന് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്.
നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലായി ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരെയുള്ള നാസയുടെ മിക്ക പദ്ധതികളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഏജൻസിയിൽ നിന്നുള്ള ദൈനംദിന അറിയിപ്പുകളും വാർത്തക്കുറിപ്പുകളും നിലച്ചിട്ടുണ്ട്. സമൂഹമാധ്യമ ചാനലുകളും പ്രവർത്തനരഹിതമായി. എങ്കിലും, നിർണായക പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
യു.എസില്‍ പുതിയ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി, സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവെക്കേണ്ടതുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിൽ തർക്കം രൂക്ഷമായതോടെ ഇത്തവണ ബില്‍ പാസായില്ല.
മുന്‍പ് നിലവിലുണ്ടായിരുന്നതും പിന്നീട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതുമായ ചില ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികളും ആനുകൂല്യങ്ങളും ബില്ലില്‍ പുനഃസ്ഥാപിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും നിരാകരിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ട്രംപിന്റെ ആരോപണം. കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സ്‌കീമുകള്‍ നല്‍കുമ്പോള്‍ അത് കൂടുതല്‍ പേരെ അമേരിക്കയിലേക്കെത്താന്‍ പ്രേരിപ്പിക്കും. ഒരു രാജ്യത്തിനും ഇത്ര വലിയ സാമ്പത്തിക ബാധ്യത താങ്ങാനാകില്ല. ഇത് മുൻനിർത്തിയാണ് കടുത്തനിലപാടുകളെന്നുമാണ് ട്രംപിന്റെ വിശദീകരണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബില്‍ ബാസാക്കണമെങ്കില്‍ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. ഈ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് അമേരിക്ക ഷട്ട്ഡൗണിലേക്ക് നീങ്ങിയത്.
നാസ ഇത്തരം വെല്ലുവിളികൾ നേരിടുന്നത് ഇതാദ്യമല്ല. 2018–2019 കാലഘട്ടത്തിൽ സ്ഥാപനം സമാനമായ സാഹചര്യം അഭിമുഖീകരിച്ചിരുന്നു. നാസയുടെ പ്രവർത്തനങ്ങളിൽ പലതും നിലക്കുന്നത് ലോകത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കം ബാധിക്കുന്നതാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

