മോദി യു.എസിലെത്തി; ട്രംപുമായി കൂടിക്കാഴ്ച നടത്തും
text_fields(ഫയൽ ചിത്രം)
പാരിസ്: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിലെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര-വ്യവസായ രംഗത്തുള്ളവരെയും മോദി കാണുന്നുണ്ട്. ഇന്ത്യൻ സമൂഹവുമായുള്ള യോഗവും മോദിയുടെ അജണ്ടയിലുണ്ട്. രണ്ട് ദിവസമാണ് മോദി യു.എസിലുണ്ടാവുക.
വാഷിങ്ടണിൽ വിമാനമിറങ്ങിയ മോദിക്ക് ഔപചാരിക സ്വീകരണം നൽകി. ജനതയുടെയും ലോകത്തിന്റെയും നന്മക്ക് വേണ്ടി ഇരു രാജ്യങ്ങളും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ മോദിയെ യാത്രയാക്കാൻ വിമാനത്താവളത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചർച്ചയും നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ഉച്ചകോടിയും പൂർത്തിയാക്കിയാണ് മോദി യു.എസിലേക്ക് പോയത്. ഫ്രാൻസിനും പ്രസിഡന്റ് മാക്രോണും മോദി നന്ദി അറിയിച്ചു.
ഫ്രാൻസിലെ മാർസെയിൽ ഇന്ത്യയുടെ പുതിയ കോൺസുലേറ്റ് മോദിയും മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉഭയകക്ഷി ചർച്ചയിൽ ഫ്രാൻസ്-ഇന്ത്യ വ്യാപാര, നിക്ഷേപം വർധിപ്പിക്കാൻ ആഹ്വാനമുണ്ടായി. ഫ്രാൻസിൽ വെച്ച് യു.എസ് ൈവസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും മോദി കണ്ടു. വാൻസിന്റെ ഇന്ത്യയിൽ വേരുള്ള ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.
മോദിക്ക് അമേരിക്കയിൽ ഊഷ്മള വരവേൽപ്
വാഷിങ്ടൺ: ദ്വിദിന സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്. ഫ്രാൻസ് സന്ദർശനത്തിനുശേഷം ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് മോദി അമേരിക്കയിൽ എത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ മുഖ്യ പരിപാടി.
താമസം ഒരുക്കിയ പ്രസിഡൻഷ്യൽ ഗെസ്റ്റ് ഹൗസായ െബ്ലയർ ഹൗസിൽ എത്തിയ മോദിക്ക് ഇന്ത്യൻ പ്രവാസി സമൂഹം വരവേൽപ് നൽകി. കൊടുംതണുപ്പും മഴയും അവഗണിച്ച് നിരവധി പ്രവാസികൾ െബ്ലയർ ഹൗസിലെത്തി. ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകൾ വീശിയ പ്രവാസി സമൂഹം ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ‘മോദി, മോദി’ വിളികളോടെയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്.
ട്രംപ് അധികാരമേറ്റ ശേഷം കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ വിദേശ നേതാവാണ് മോദി. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സന്ദർശനത്തിനിടെ, ഉയർന്ന തീരുവ ഒഴിവാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനുമുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, ടെക്നോളജി, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈകാലുകൾ ബന്ദിച്ച് സൈനിക വിമാനത്തിൽ തിരിച്ചയക്കുകയും അമേരിക്കയിലേക്കുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം. ഈ നടപടികളോട് മോദി എങ്ങനെ പ്രതികരിക്കും എന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

