പെലോസിയെത്തി: തായ്‍വാൻ ആകാശത്ത് യുദ്ധമേഘങ്ങൾ
text_fieldsതായ് പെയ്: യു.എസ് സെനറ്ററും കടുത്ത ചൈന വിമർശകയുമായ നാൻസി പെലോസി ഏഷ്യ പര്യടനത്തിന്റെ ഭാഗമായി തായ്‍വാനിൽ എത്തിയതിനെചൊല്ലിയയുള്ള വാഗ്വാദം യുദ്ധത്തിലേക്ക് വഴിമാറുമെന്ന് ആശങ്ക. തായ്‍വാനിൽ അമേരിക്കൻ പ്രതിനിധി എത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. ചൊവ്വാഴ്ച രാത്രി തായ്‍വാനിലിറങ്ങിയ പെലോസി ബുധനാഴ്ച പ്രസിഡന്റുമായി സംഭാഷണം നടത്തും. കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് മുതിർന്ന യു.എസ് നേതാവ് തായ്‍വാൻ സന്ദർശിക്കുന്നത്.
സംഘർഷം രൂക്ഷമാകുന്നതിനിടെ തായ്‍വാൻ വ്യോമാതിർത്തിയിൽ നിരന്തരം യുദ്ധവിമാനങ്ങൾ പറത്തി ചൈന പ്രകോപനം സൃഷ്ടിക്കുമ്പോൾ മറുവശത്ത്, യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലുള്ള നാല് യുദ്ധക്കപ്പലുകൾ അതിർത്തിയിൽ അണിനിരത്തി യു.എസും പ്രത്യാക്രമണ സൂചന നൽകുന്നു. എന്നാൽ, പതിവു വിന്യാസം മാത്രമാണിതെന്നാണ് ഇതേ കുറിച്ച് പെന്റഗൺ വിശദീകരണം.
പെലോസി തായ്‍വാൻ സന്ദർശിക്കുന്നത് തീകൊണ്ട് കളിക്കലാണെന്നും നോക്കിനിൽക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ സ്പീക്കർ തായ്‍വാനിലെത്തുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കരുത്തു പകരുമെന്നാണ് ചൈനയുടെ ആധി. യു.എസ്.എസ് റൊണാൾഡ് റീഗൻ, യു.എസ്.എസ് ആന്റിയറ്റാം, യു.എസ്.എസ് ഹിഗിൻസ്, യു.എസ്.എസ് എന്നീ കപ്പലുകളാണ് ദക്ഷിണ ചൈന കടലിൽ തായ്‍വാൻ അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്നത്. ഇവക്കെതിരെ ചൈനയുടെ കപ്പലുകളും സജ്ജമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, തായ്‍വാൻ അതിർത്തിയോടു ചേർന്ന ചൈനീസ് നഗരമായ സിയാമെനിൽ കവചിത വാഹനങ്ങൾ നീങ്ങുന്നതായും സൂചനയുണ്ട്.