പെലോസി ഏഷ്യൻ പര്യടനത്തിന്; തായ്വാന്റെ കാര്യത്തിൽ വ്യക്തതയില്ല
text_fieldsബെയ്ജിങ്: യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി ഏഷ്യൻ പര്യടനത്തിന്. ഈ ആഴ്ച നാല് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന കാര്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ചൈനയും റഷ്യയും കടുത്ത എതിർപ്പുയർത്തിയ തായ്വാൻ സന്ദർശനത്തിന്റെ കാര്യത്തിൽ സൂചനയില്ല. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളാണ് പെലോസി സന്ദർശിക്കുക.
വാണിജ്യം, കോവിഡ് മഹാമാരി, കാലാവസ്ഥ വ്യതിയാനം, സുരക്ഷ, ജനാധിപത്യ ഭരണം എന്നിവ സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് പ്രതിനിധി സംഘത്തെ ഈ രാജ്യങ്ങളിലേക്ക് നയിക്കുമെന്ന് പെലോസി പ്രസ്താവനയിൽ പറഞ്ഞു. പെലോസിയെ കൂടാതെ പ്രതിനിധി സംഘത്തിൽ ഗ്രിഗറി മീക്സ്, മാർക്ക് ടകാനോ, സുസൻ ഡെൽബെൻ, രാജ കൃഷ്ണമൂർത്തി, ആൻഡി കിം എന്നിവരാണുള്ളത്.
തായ്വാൻ സന്ദർശന റിപ്പോർട്ടുകൾ പെലോസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈനയും തായ്വാനും തമ്മിലുള്ള ബന്ധത്തിൽ യു.എസ് ഇടപെടുന്നതിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി വ്യാഴാഴ്ച നടത്തിയ ഫോൺ കാളിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
തായ്വാൻ സന്ദർശിച്ചാൽ 1997ൽ അന്നത്തെ സ്പീക്കർ ന്യൂട്ട് ഗിംഗ്റിച്ചിനുശേഷം രാജ്യത്തെത്തുന്ന യു.എസിലെ ഉന്നത പദവിയുള്ള വ്യക്തിയാവും പെലോസി. എന്നാൽ, തായ്വാൻ സന്ദർശനം ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം പെലോസിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പെലോസിയുടെ തായ്വാൻ സന്ദർശനം ഇപ്പോൾ നല്ലതല്ലെന്നാണ് യു.എസ് സൈന്യം കരുതുന്നതെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് നാന്‍സി പെലോസി തായ്വാന് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് പോസിറ്റിവായതോടെ അന്നത്തെ സന്ദര്‍ശനം നടന്നില്ല. ഇതുവരെ ഔദ്യോഗികമായി എപ്പോഴാണ് തായ്വാന് സന്ദര്‍ശിക്കുകയെന്ന് നാന്‍സി പെലോസി പറഞ്ഞിട്ടില്ല. എന്നാല്‍, തായ്വാന് നല്കുന്ന പിന്തുണ വളരെ പ്രധാനമാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

