Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബ്ദമില്ല, യുദ്ധവിമാനത്തെ വെല്ലുന്ന വേഗം; യു.എസ് രഹസ്യ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട യു.എഫ്.ഒ, പുതിയ രേഖകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം

text_fields
bookmark_border
ശബ്ദമില്ല, യുദ്ധവിമാനത്തെ വെല്ലുന്ന വേഗം; യു.എസ് രഹസ്യ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട യു.എഫ്.ഒ, പുതിയ രേഖകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം
cancel

വാഷിങ്ടൺ: ശബ്ദമില്ല, പുകയില്ല, വിമാനങ്ങളുടേതിന് സമാനമായ എൻജിനോ മറ്റു സംവിധാനങ്ങളോ ഇല്ല. എന്നിട്ടും മണിക്കൂറിൽ 2,900 കിലോമീറ്ററോളം വേഗത്തിൽ ആകാശത്തിലൂടെ കുതിച്ചുപായുന്ന നിഗൂഢമായ കറുത്ത ത്രികോണങ്ങൾ. അമേരിക്കയുടെ അതീവ രഹസ്യ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളെപ്പോലും കുഴക്കുന്ന ഈ വസ്തുക്കൾ എവിടെനിന്നെത്തിയെന്നോ ആരുടേതാണെന്നോ കണ്ടെത്താനായിട്ടില്ല. യു.എസ് പ്രതിരോധ സംവിധാനങ്ങളുടെ സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങളുയർത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ. യു.എഫ്.ഒ സംബന്ധിച്ച് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച പുറത്തുവിട്ട രഹസ്യരേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇത്തരം വസ്തുക്കളെ യു.എസിലെ രഹസ്യ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ കണ്ടെത്തിയെന്നാണ് രേഖകളിൽ പറയുന്നത്. മണിക്കൂറിൽ ഏകദേശം 2,900 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച ഇവ, ആകാശത്ത് സാധാരണയായി അതിവേഗ വിമാനങ്ങൾ സൃഷ്ടിക്കുന്ന നീരാവിപ്പാടുകളോ മറ്റ് അടയാളങ്ങളോ അവശേഷിപ്പിച്ചിരുന്നില്ല. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇവ പ്രത്യക്ഷപ്പെട്ടത് എന്നതിനാലാണ് യു.എസ് സുരക്ഷാ ഏജൻസികളുടെ ആശങ്ക വർധിക്കുന്നത്.

ഏകദേശം 15 അടി വലുപ്പമുള്ള, തിളക്കമില്ലാത്ത കറുത്ത ത്രികോണാകൃതിയിലുള്ള വസ്തുവിനെ മൂന്ന് ഫെഡറൽ ഉദ്യോഗസ്ഥർ കണ്ടതായി അന്വേഷണരേഖകളിൽ വിവരിക്കുന്നു. യുദ്ധവിമാനത്തിന്റെ വേഗത്തിൽ ശബ്ദമില്ലാതെ സഞ്ചരിച്ച വസ്തു പെട്ടെന്ന് അപ്രത്യക്ഷമായെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതിന് പിന്നിലെ യാഥാർഥ്യം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

സാധാരണ വിമാനങ്ങളിൽ കാണുന്ന എൻജിനുകൾ, വായു പുറംതള്ളാനുള്ള ദ്വാരങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, കോക്ക്പിറ്റ് തുടങ്ങിയവ ഈ വസ്തുവിൽ ദൃശ്യമായിരുന്നില്ല. പുറംഭാഗം മുഴുവൻ ഒറ്റ പ്രതലമായിരുന്നുവെന്ന് മറ്റൊരു ത്രികോണാകൃതിയിലുള്ള വസ്തുവിനെക്കുറിച്ച് യു.എസ് പ്രതിരോധ വകുപ്പിന്റെ രേഖയിൽ പറയുന്നു.

താപനിരീക്ഷണ സംവിധാനത്തിലൂടെ നോക്കിയാൽ സാധാരണ വിമാനങ്ങളിലും ഡ്രോണുകളിലും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ താപം അനുഭവപ്പെടുക. എന്നാൽ ഈ യു.എഫ്.ഒകളിൽ ഒരേ രീതിയിലുള്ള താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ സാധാരണ വിമാനങ്ങളിലേതുപോലുള്ള പ്രൊപ്പൽഷൻ സംവിധാനങ്ങൾ ദൃശ്യമായിരുന്നില്ല.

അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ട സൈനിക കേന്ദ്രങ്ങളുടെ പേരോ വിവരങ്ങളോ തീയതിയോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്. മലനിരകൾക്ക് മുകളിൽ കാണപ്പെട്ട ത്രികോണാകൃതിയിലുള്ള വസ്തുക്കളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇവയുടെ യഥാർഥ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല.

അതേസമയം, വിദേശരാജ്യങ്ങൾ വികസിപ്പിച്ച രഹസ്യ നിരീക്ഷണ സംവിധാനങ്ങളാണോ അതോ മറ്റേതെങ്കിലും സാങ്കേതികവിദ്യയുടെ ഭാഗമാണോ ഈ യു.എഫ്.ഒകൾ എന്നതിലും വ്യക്തതയില്ല. അമേരിക്കയുടെയോ ശത്രുരാജ്യങ്ങളുടെയോ നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം സഞ്ചാരശേഷി വിശദീകരിക്കാൻ കഴിയുന്നില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇവ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടതാണോ എന്നും വ്യക്തമല്ല. സംഭവം നേരിട്ട് കണ്ട രണ്ട് പേർക്കും അസാധാരണമായ ശാരീരിക ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. തലകറക്കം, ഛർദി, തലവേദന, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

യു.എഫ്.ഒകളെയും തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളെയും സംബന്ധിച്ച സർക്കാർ രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ രേഖകൾ പുറത്തുവിട്ടത്. യു.എ.പി (Unidentified Anomalous Phenomena) എന്ന പേരിലാണ് ഇത്തരം പ്രതിഭാസങ്ങളെ യു.എസ് സർക്കാർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ഏഴാമത്തെ ഘട്ടത്തിലാണ് പുതിയ രേഖകൾ വെള്ളിയാഴ്ച പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതിയ റിപ്പോർട്ടുകൾ അമേരിക്കയുടെ അതീവ സുരക്ഷിത സൈനിക കേന്ദ്രങ്ങൾക്ക് മുകളിലുള്ള വ്യോമനിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നുണ്ട്. റിപ്പോർട്ട് വിവരിക്കുന്ന വസ്തുക്കൾ യഥാർഥത്തിൽ എന്താണെന്നോ അവയ്ക്ക് പിന്നിൽ ആരാണെന്നോ സ്ഥിരീകരിക്കാനായിട്ടില്ല. അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകൾ അന്യഗ്രഹജീവികളുടെ സാന്നിധ്യത്തിനുള്ള തെളിവായി കണക്കാക്കാനാവില്ലെന്നതാണ് നിലവിലെ ശാസ്ത്രീയ നിലപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Secret US Documents Reveal Silent UFOs
Next Story