രണ്ടര വർഷത്തിനിടെ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ഓങ്സാൻ സൂചി; റെഡ് ക്രോസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsറെഡ് ക്രോസ് പ്രതിനിധിയുമായി ഓങ്സാൻ സൂചി കൂടിക്കാഴ്ച നടത്തുന്നു
യാംഗോൻ: 2021ലെ സൈനിക അട്ടിമറിക്കിടെ തടവിലാക്കപ്പെട്ട മ്യാൻമർ നേതാവ് ഓങ്സാൻ സൂചി രാജ്യാന്തര റെഡ് ക്രോസ് സമിതിയുടെ പ്രതിനിധിയെ സന്ദർശിച്ചതായി സർക്കാർ അറിയിച്ചു. സൈനിക ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം പുറംലോകവുമായുള്ള സൂചിയുടെ വളരെ അപൂർവ്വമായ ചില ഇടപെടലുകളിൽ ഒന്നാണിത്.
തലസ്ഥാനത്ത് വെച്ചുനടന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ മ്യാൻമർ പ്രതിനിധി അർനോഡ് ഡി ബെയ്ക്കുമായി സൂചി ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും സർക്കാരിന്റെ പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ കൂടിക്കാഴ്ച നടന്ന സ്ഥലമോ ചർച്ച ചെയ്ത കാര്യങ്ങളോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ച വർഷങ്ങളായി പൊതുവേദികളിൽ നിന്നും പുറംലോകത്തു നിന്നും പൂർണമായും അകറ്റി നിർത്തപ്പെട്ടിരുന്ന സൂചിയുടെ അപൂർവ്വമായ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൈനിക അട്ടിമറിയെ തുടർന്ന് ജയിലിലടക്കപ്പെടുകയും പിന്നീട് വീട്ടുതടങ്കലിലാവുകയും ചെയ്തതിന് ശേഷമുള്ള സൂചിയുടെ പുതിയ ദൃശ്യങ്ങൾ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പുറത്തുവിട്ട ചിത്രങ്ങളിൽ കഴിഞ്ഞ ജൂണിൽ അവരുടെ 81-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി എടുത്തതെന്ന് കരുതുന്ന ഫോട്ടോകളും ഉൾപ്പെട്ടിട്ടുണ്ട്. 'ഹാപ്പി ബർത്ഡേ ആന്റി സൂ, 19.6.2026' എന്നെഴുതിയ ജന്മദിന കേക്ക് മുറിക്കുന്ന സൂചിയുടെ ചിത്രങ്ങളാണ് ഇതിലുള്ളത്. അതേസമയം ഈ കൂടിക്കാഴ്ചയെക്കുറിച്ച് റെഡ് ക്രോസിന്റെ മ്യാൻമർ ഓഫീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മ്യാൻമറിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സൂചിയെ കാണാൻ അന്താരാഷ്ട്രതലത്തിൽ നിരന്തരമായ സമ്മർദ്ദങ്ങൾ ഉയരുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ആസിയാൻ (ASEAN) രാജ്യങ്ങളും തടവിലുള്ള നേതാവുമായി കൂടുതൽ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവതിയാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ ആവശ്യപ്പെട്ട് സൂചിയുടെ ഇളയ മകൻ കിം ആരിസും ഓൺലൈൻ കാമ്പയ്നുകൾ നടത്തിവന്നത്.
2021 ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുക്കുകയും അവരുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കുകയും ചെയ്തതിനുശേഷം സൂചി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനുമുമ്പ് ബുദ്ധമത അവധിക്കാലത്തോടനുബന്ധിച്ച് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയ ശേഷമായിരുന്നു അവരുടെ അവസാന ചിത്രങ്ങൾ പുറത്തുവന്നത്.
അതേസമയം, രാജ്യത്ത് തെരഞ്ഞെടുപ്പുകൾ നടത്തി സാധാരണ നിലയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് മ്യാൻമർ സൈനിക സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ നാമമാത്രമായ ഇത്തരം മാറ്റങ്ങൾ കൊണ്ട് യഥാർത്ഥ രാഷ്ട്രീയ മാറ്റങ്ങൾ വന്നിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. സൂചി അന്യായമായി തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും, രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ അവരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നുമാണ് പ്രതിപക്ഷമായ നാഷണൽ യൂണിറ്റി ഗവൺമെന്റിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

