മ്യാന്മറിലെ റോഹിങ്ക്യ വംശഹത്യ: അന്താരാഷ്ട്ര കോടതി വിധി ഈയാഴ്ച
text_fieldsയാംഗോൺ: റോഹിങ്ക്യ ന്യൂനപക്ഷത്തിനെതിരെ മ്യാന്മർ പട്ടാള ഭരണകൂടം നേതൃത്വം നൽകി നടന്ന വംശഹത്യയെ കുറിച്ച പരാതിയിൽ ഈയാഴ്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധി പറയും. ലോകത്തിന്റെ പല ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യവേട്ടക്കെതിരായ പോരാട്ടങ്ങളിൽ നിർണായകമാകുന്ന വിധി വ്യാഴാഴ്ച രാവിലെയാകുമെന്നാണ് റിപ്പോർട്ട്. ആയിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷങ്ങൾ അഭയാർഥികളാകുകയും ചെയ്ത ക്രൂരതകൾക്കെതിരെ ഏഴു വർഷമെടുത്താണ് വിചാരണ പൂർത്തിയാക്കിയത്.
ഒരു മത സമൂഹത്തെ സമ്പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ടാണ് പട്ടാള ഭരണകൂടം ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് പരാതി നൽകിയ ആഫ്രിക്കൻ രാജ്യമായ ഗാംബിയ പറയുന്നു. സിവിലിയന്മാരെ ആക്രമിച്ചും വീടുകൾ തീയിട്ടും കുടുംബങ്ങളെ വേർപെടുത്തിയും ലൈംഗിക ക്രൂരതകൾ അഴിച്ചുവിട്ടുമായിരുന്നു ഭരണകൂട നടപടികൾ.
ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികളിൽനിന്ന് നേരിട്ട് കോടതി മൊഴിയെടുത്തിരുന്നു. സ്വന്തം കൈയിൽനിന്ന് കുഞ്ഞിനെ വാരിയെടുത്ത് കുത്തിപ്പരിക്കേൽപിച്ച് തീയിലേക്കിട്ടതുൾപ്പെടെ ഇരകൾ മൊഴി നൽകിയതിലുണ്ട്. പതിറ്റാണ്ടുകളായി റോഹിങ്ക്യൻ മുസ്‍ലിംകൾ പൗരത്വം നിഷേധിക്കപ്പെട്ട് കഴിഞ്ഞുവരുകയായിരുന്നു. ഇവർക്കെതിരെ നിരന്തര ആക്രമണങ്ങൾ അഴിച്ചുവിടുന്നതും പതിവായി. ഇതിനെതിരെ 2017ൽ റോഹിങ്ക്യ തീവ്രവാദി സംഘടന നടത്തിയ ഗറില രീതിയിലെ ആക്രമണത്തോടെയാണ് വംശഹത്യയിലേക്ക് കാര്യങ്ങൾ മാറിയത്. ഇത് അവസരമാക്കി രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സമ്പൂർണമായി കുടിയൊഴിപ്പിക്കലും കൂട്ടഹത്യയും നടപ്പാക്കുകയായിരുന്നു.
10 ലക്ഷത്തിലേറെ റോഹിങ്ക്യകൾ ബംഗ്ലദേശിൽ കഴിയുമ്പോൾ ആറു ലക്ഷത്തിൽ താഴെയാണ് ഇപ്പോഴും മ്യാന്മറിലുള്ള റോഹിങ്ക്യകൾ. അന്നത്തെ സൈനിക മേധാവി മിൻ ഓങ് ഹലയ്ങ് ഇന്ന് രാജ്യത്ത് ഭരണാധികാരി കൂടിയാണ്.

