ആദ്യം വെടിവെക്കാൻ അവസരം കിട്ടിയാൽ ഞാൻ നിന്നെ കൊല്ലും; മ്യാൻമറിലെ സൈനികനോട് പിതാവ്
text_fieldsഎനിക്ക് ആദ്യം വെടിവെക്കാൻ സാധിച്ചാൽ തീർച്ചയായും ഞാൻ നിന്നെ കൊല്ലും - മ്യാൻമർ സ്വദേശിയായ ബോ ക്യാർ യിൻ മകനോട് പറഞ്ഞ വാക്കുകളാണിത്. ബോയുടെ മകൻ നൈനി മ്യാൻമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. മ്യാൻമറിലെ ആഭ്യന്തരയുദ്ധമാണ് സൈനികനായ മകനെതിരെ തോക്കെടുക്കാൻ കർഷകനായ ബോയെ പ്രേരിപ്പിച്ചത്.
മ്യാൻമറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിയിലൂടെ 2021 ഫെബ്രുവരിയിൽ സൈന്യം പുറത്താക്കിയതിന് ശേഷമാണ് സായുധ കലാപമുണ്ടാകുന്നത്. ജനാധിപത്യവാദികൾ സൈന്യത്തിനെതിരെ തിരിഞ്ഞതാണ് ആഭ്യന്തര കലാപത്തിനിടയാക്കിയത്.
കലാപത്തിൽ ബോ ക്യാർ യിനും പങ്കാാളിയാണ്. ആഭ്യന്തരയുദ്ധം അദ്ദേഹത്തിന്റെ കുടുംബം പിളർത്തിയിരിക്കുകയാണ്.
ബോയുടെ എട്ടുമക്കളിൽ രണ്ടുപേർ സൈനികരാണ്. മൂത്ത മകൻ ബോയുടെ ഫോൺ പോലും എടുക്കാറില്ല. ഇളയ മകൻ നൈനിയോട് ഫോണിൽ സംസാരിക്കുമ്പോഴേല്ലാം സൈനിക സേവനം ഉപേക്ഷിക്കാൻ ബോ ആവശ്യപ്പെടുന്നു. എന്നാൽ മക്കൾ ഇതൊന്നും ചെവികൊള്ളുന്നില്ലെന്നാണ് ബോ ബി.ബി.സിയോട് പറഞ്ഞു.
‘ഞങ്ങളെല്ലാം നിന്നെ ഓർത്ത് വിഷമിക്കുന്നു’ -ബോ നൈനിയോട് പറഞ്ഞു. ‘പിതാവെന്ന നിലക്ക് നീയെനിക്ക് അവസരങ്ങൾ നൽകിയേക്കാം, പക്ഷേ ഞാൻ നിന്നെ വെറുതെവിടില്ല’.
‘ഞാനും നിങ്ങളെ ഓർത്ത് വിഷമിക്കുന്നു, അച്ഛാ! എന്നെ സൈനികനാകാൻ പ്രോത്സാഹിപ്പിച്ചത് നിങ്ങളാണ്.’- എന്നായിരുന്നു നൈനി അച്ഛന് മറുപടി നൽകിയത്.
‘സൈന്യം വീടുകൾ നശിപ്പിക്കുന്നു, തീയിടുന്നു, ആളുകളെ കൊല്ലുന്നു, പ്രതിഷേധക്കാരെ അന്യായമായി വെടിവെക്കുന്നു, കാരണമില്ലാതെ കുട്ടികളെ കൊല്ലുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അത് നിനക്കറിയില്ലായിരിക്കാം.’ -ബോ ക്യാർ യിൻ പറഞ്ഞു.
അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഞങ്ങൾ അത് അങ്ങനെ കാണുന്നില്ല എന്നാണ് നൈനി മറുപടി പറയുന്നത്.
തന്റെ രണ്ട് മക്കളെയും സൈനിക സേവനം ഉപേക്ഷിക്കാനും പൊതുജനങ്ങളുടെ ചെറുത്തു നിൽപ്പിലേക്ക് ഒന്നിപ്പിക്കാനും ശ്രമിക്കുമെന്ന് ബോ പറഞ്ഞു. എന്നാൽ അവർ തന്നെ കേൾക്കാൻ തയാറാകുന്നില്ലെന്നും ഒരു യുദ്ധത്തിൽ തങ്ങൾ ഇരു പക്ഷത്ത് പരസ്പരം ഏറ്റുമുട്ടേണ്ടി വന്നാൽ അത് വിധിയായിരിക്കുമെന്നും ബോ കൂട്ടിച്ചേർക്കുന്നു.
ബോ ക്യാർ യിനും ഭാര്യ യിൻ യിൻ മിനും എട്ട് കുട്ടികളാണ്.- അവരുടെ രണ്ട് ആൺമക്കൾ സൈന്യത്തിൽ ചേർന്നപ്പോൾ അന്ന് അഭിമാനിച്ചുവെന്ന് ബോ പറയുന്നു. അവരുടെ സൈനിക ബിരുദദാനച്ചടങ്ങിന്റെ ഫോട്ടോകൾ മെമന്റോകളായി സൂക്ഷിച്ചിരുന്നു. രണ്ട് മക്കളും ഉദ്യോഗസ്ഥരായി. അന്നാദ്യമായാണ് അവരുടെ ഗ്രാമം സൈനികരെ പൂക്കൾ നൽകി സ്വീകരിച്ചത്.
കുടുംബം മുഴുവൻ പാടത്ത് പണിയെടുത്തതുകൊണ്ട് രണ്ട് മക്കളെ നന്നായി പഠിപ്പിക്കാനും സൈന്യത്തിൽ ചേർക്കാനും സാധിച്ചുവെന്ന് യിൻ പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് മുമ്പ്, മ്യാൻമറിൽ സൈനിക സേവനം കുടുംബത്തിന് സാമൂഹികമായി ഉന്നത പദവി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അട്ടിമറിയിലൂടെ സൈന്യം ജനാധിപത്യ സർക്കാറിനെ താഴെയിറക്കിയതോടെ എല്ലാം കലങ്ങിമറിഞ്ഞു.
ജനാധിപത്യ വാദികളെ സൈനികർ കൊന്നൊടുക്കുന്നത് കണ്ടതോടെ മക്കൾ സൈന്യത്തിൽ തുടരുന്നത് അംഗീകരിക്കാൻ ബോക്കും കുടുംബത്തിനും സാധിച്ചില്ല. എന്നാൽ സൈനിക സേവനം ഉപേക്ഷിക്കാൻ മക്കൾ തയാറായില്ല. ഇത് തന്റെ ഹൃദയം തകർക്കുന്നുവെന്ന് ബോ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

