4893 തടവുകാർക്ക് പൊതുമാപ്പ് നൽകി മ്യാന്മർ
text_fieldsബാങ്കോക്: രാജ്യത്തിന്റെ പരമ്പരാഗത പുതുവത്സരാഘോഷത്തോടനുബന്ധിച്ച് 4893 തടവുകാർക്ക് പൊതുമാപ്പ് നൽകി മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ തലവൻ.
ഇവരിൽ 22 പേർ രാഷ്ട്രീയ തടവുകാരാണ്. 13 വിദേശ പൗരന്മാരും മോചിതരായിട്ടുണ്ട്. 19 ബസുകളിലായി തലസ്ഥാനമായ യാംഗോണിലെ ഇൻസെയിൻ ജയിലിന് പുറത്ത് എത്തിയ തടവുകാർക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വൻ സ്വീകരണം നൽകിയതായി ഔദ്യോഗിക ചാനലായ എം.ആർ.ടി.വി റിപ്പോർട്ട് ചെയ്തു.
ഭരണകക്ഷിയായ സൈനിക കൗൺസിലിന്റെ തലവൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങാണ് തടവുകാർക്ക് മാപ്പ് നൽകിയത്. നിസ്സാര കുറ്റങ്ങൾക്ക് തടവ് അനുഭവിക്കുന്നവർക്ക് ഭരണകൂടം ശിക്ഷയിൽ ഇളവും നൽകിയിട്ടുണ്ട്.
ഓങ് സൻ സൂചിയുടെ സർക്കാറിനെ അട്ടിമറിച്ച് 2021 ഫെബ്രുവരിയിലാണ് മ്യാന്മറിന്റെ ഭരണം സൈന്യം പിടിച്ചെടുത്തത്. അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സിന്റെ കണക്ക് പ്രകാരം സൂചി അടക്കം 22,197 പേരാണ് രാഷ്ട്രീയ തടവുകാരായി മ്യാന്മർ ജയിലുകളിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

