അഴിമതിക്കേസിൽ ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവ്
text_fieldsഅഴിമതിക്കേസിൽ മ്യാൻമർ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യാൻമർ പട്ടാള കോടതിയുടെ വിധി.
77കാരിയും നൊബേൽ സമ്മാന ജേതാവും സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായികയുമായിരുന്ന സൂചിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉൾപ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഏകദേശം 190 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനായി സൂചി സ്ഥാപിച്ച സംഘടനയായ ദോ ഖിൻ ക്യി ഫൗണ്ടേഷന്റെ ഫണ്ട് വീട് പണിയാനായി ദുരുപയോഗിച്ചെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ നിരക്കിൽ പാട്ടത്തിനെടുത്തെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാവിധി.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂചി നിഷേധിച്ചു. തലസ്ഥാനമായ നായ്പിഡാവിലെ ജയിലിൽ ഏകാന്ത തടവിൽ കഴിഞ്ഞുവരികയാണ് സൂചി. മറ്റ് പല കേസുകളിലുമായി 11 വർഷത്തെ തടവാണ് സൂചി അനുഭവിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

