Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഇനി സ്വർഗത്തിൽവെച്ചേ...

‘ഇനി സ്വർഗത്തിൽവെച്ചേ ഞാൻ മാംസം കഴിക്കൂ’ എന്ന് എന്റെ കുഞ്ഞ് ചോദിക്കുന്നു; ഉത്തരം പറയാനാവാതെ ഞാൻ കുഴയുന്നു’

text_fields
bookmark_border
‘ഇനി സ്വർഗത്തിൽവെച്ചേ ഞാൻ മാംസം കഴിക്കൂ’ എന്ന് എന്റെ കുഞ്ഞ് ചോദിക്കുന്നു; ഉത്തരം പറയാനാവാതെ ഞാൻ കുഴയുന്നു’
cancel

ങ്കൽപിക്കാനാവാത്ത വാർത്തകളും അനുഭവങ്ങളുമാണ് ഇസ്രായേൽ ഉപരോധത്താൽ നരകിക്കുന്ന ഗസ്സയിൽ നിന്നും കേൾക്കുന്നത്. മാസത്തിലേറെയായി ഇസ്രായേൽ അടച്ചുകൊട്ടിയ അതിർത്തിക്കുള്ളിൽ കെട്ടിടങ്ങളുടെ കൽക്കൂമ്പാരങ്ങൾക്കിടയിൽ വെള്ളവും ഭക്ഷണവുമില്ലാതെ ലക്ഷങ്ങൾ മരണത്തെ മുഖാമുഖം കാണുകയാണ്. അപമാനിതരായി ഒരു കഷ്ണം റൊട്ടിക്കായി ദിവസം മുഴുവൻ വരിനിന്ന് കുഴഞ്ഞു വീഴുന്ന അവ​ർ ലോകത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? നിങ്ങൾക്കെങ്ങനെ നിശബ്ദരായിരിക്കാൻ കഴിയുന്നു എന്ന് !

ഗസ്സയിൽ നിന്നും ഈ ക്ഷാമ കാലത്തിന്റെ തീവ്രവും ക്രൂരവുമായ അനുഭവം പങ്കുവെക്കുകയാണ് ഹാല അൽ ഖാത്തിബ്. അൽ ജസീറ പ്രസിദ്ധീകരിച്ച അവരുടെ എഴുത്തിൽ നിന്ന്:

‘മാർച്ച് 2ന് ഗസ്സയിലേക്കുള്ള എല്ലാ വഴികളും അടച്ചിക്കുന്നു എന്ന് കേട്ടപ്പോൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്ന് ഞങ്ങൾ കരുതി. ജീവിച്ചിരിക്കുന്ന ബന്ധുക്കളെ ഇഫ്താറിനായി ക്ഷണിക്കാനും നോമ്പ് തുറക്കാൻ എന്ത് ഭക്ഷണം കണ്ടെത്താനാകുമെ​​ന്നോർത്ത് വിഷമിക്കാതിരിക്കാനും കഴിയുന്ന ഒരു സാധാരണ റമദാൻ ആണ് ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ, അത് അങ്ങനെയായിരുന്നില്ല. ടിന്നിലടച്ച ഭക്ഷണവുമായി ഞങ്ങൾ നോമ്പ് തുറക്കുന്ന പുണ്യമാസം ചെലവഴിച്ചു.

ഗസ്സയിലെ മിക്ക കുടുംബങ്ങളെയും പോലെ എന്റെ കുടുംബവും ഭക്ഷണമോ അവശ്യവസ്തുക്കളോ ശേഖരിച്ചുവെച്ചിരുന്നില്ല. കാരണം അതിർത്തികൾ വീണ്ടും അടക്കുമെന്നോ ക്ഷാമം അല്ല, യുദ്ധം പോലും തിരിച്ചുവരുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. അടച്ചുപൂട്ടലിന് ശേഷമുള്ള ദിവസങ്ങളിൽ, ഭക്ഷണവും മറ്റ് അടിസ്ഥാന സാധനങ്ങളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. വിലകൾ കുതിച്ചുയർന്നു. ഒരു കിലോഗ്രാം പച്ചക്കറിയുടെ വില 8 ഡോളറോ അതിൽ കൂടുതലോ ആയി. പഞ്ചസാരക്ക് 22 ഡോളറും ബേബി ഫോർമുലക്ക് 1​1ഡോളറുമായി. മുമ്പ് 8 ഡോളർ വിലയുണ്ടായിരുന്ന ഒരു ചാക്ക് മാവിന് 50 ഡോളറായി ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ അത് 300 ഡോളറിൽ എത്തി!


ഗസ്സയിലെ മിക്ക ആളുകൾക്കും ഈ വിലകൾ താങ്ങാൻ കഴിഞ്ഞില്ല. എന്റെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാൻ തുടങ്ങി. പ്രഭാതഭക്ഷണത്തിനും നോമ്പു തുറക്കും മാത്രമായി പരിമിതപ്പെടുത്തി. പ്രഭാതഭക്ഷണത്തിന് അര റൊട്ടി, നോമ്പു തുറകുമ്പോൾ ഒരു റൊട്ടി. പുരുഷന്മാരും സ്ത്രീകളും പ്രായമായവരും കുട്ടികളും കുറച്ച് റൊട്ടി അല്ലെങ്കിൽ ഒരു ചെറിയ പ്ലേറ്റ് ഭക്ഷണം ലഭിക്കാൻ ബേക്കറികളുടെയും ചാരിറ്റി അടുക്കളകളുടെയും മുന്നിൽ മണിക്കൂറുകളോളം ലജ്ജയോടെയും സങ്കടത്തോടെയും നിൽക്കുമായിരുന്നു. ചില കുടുംബങ്ങൾക്ക് അത് ഒരു ദിവസത്തെ ഏക ഭക്ഷണമായിരിക്കും.

ഞാൻ താമസിക്കുന്ന മധ്യ ഗസ്സയിലെ എല്ലാ നിവാസികൾക്കുമായി ആശ്രയിക്കാൻ മൂന്ന് ബേക്കറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നുസൈറാത്തിലെ രണ്ടെണ്ണവും ദാർ അൽ ബലായിലെ ഒന്നും. ഈ ബേക്കറികൾക്കുമുന്നിൽ ജനക്കൂട്ടം അതിരൂക്ഷമായിരുന്നു. തിരിക്കുമൂലം റോഡുകൾ തടസ്സപ്പെട്ടു. എല്ലാ ദിവസവും ഉന്തും തള്ളലും കാരണം നിരവധി പേർക്ക് ബോധക്ഷയവും ശ്വാസംമുട്ടലും ഉണ്ടാവും. ഒടുവിൽ, രാവിലെ മുതൽ കാത്തിരുന്നവരിൽ വളരെ കുറച്ച് പേർക്ക് മാത്രം റൊട്ടി ലഭിക്കും.


ഈ സാഹചര്യം എത്രനേരം നീണ്ടുനിൽക്കുമെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ ഞങ്ങളുടെ മാവിൽ നിന്ന് അവശേഷിക്കുന്നത് ഉപയോഗിക്കുന്നതിന് പകരം സൂര്യോദയത്തിന് മുമ്പ് എന്റെ പിതാവ് ബേക്കറിയിൽ പോയി വരി നിൽക്കും. പക്ഷേ, ബേക്കറിക്ക് പുറത്ത് ഡസൻ കണക്കിന് ആളുകൾ തളർന്ന് ഉറങ്ങിക്കിടക്കുന്നതിനാൽ ക്യൂ അതിനകംതന്നെ നീണ്ടിരിക്കും. അദ്ദേഹം ഉച്ചവരെ തങ്ങുകയും പിന്നീട് എന്റെ സഹോദരനെ വരിയിൽ തന്റെ സ്ഥാനത്ത് നിർത്തും. ഒടുവിൽ അവർ ഒന്നുമില്ലാതെ മടങ്ങും.

മാർച്ച് 31ന് വിതരണത്തിനുള്ള തീർന്നുപോയതിനാലും അടുപ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഗ്യാസ് ഇല്ലാത്തതിനാലും വേൾഡ് ഫുഡ് പ്രോഗ്രാം ഞങ്ങളുടെ ഭാഗത്തെ മൂന്ന് ബേക്കറികൾ ഉൾപ്പെടെ അതിന്റെ എല്ലാ ബേക്കറികളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. യഥാർത്ഥ ക്ഷാമത്തിന്റെ തുടക്കമായിരുന്നു അത്.

താമസിയാതെ ചാരിറ്റി അടുക്കളകളും ഭക്ഷണത്തിന്റെ സ്റ്റോക്ക് തീർന്നതിനാൽ അടച്ചുപൂട്ടാൻ തുടങ്ങി. കഴിഞ്ഞ ആഴ്ച മാത്രം ഡസൻ കണക്കിന് അടച്ചുപൂട്ടി. ആളുകൾ കൂടുതൽ നിരാശരായി. പലരും ഫേസ്ബുക്കിലെയോ ടെലിഗ്രാമിലെയോ പ്രാദേശിക ഗ്രൂപ്പുകളിൽ ന്യായമായ വിലക്ക് അവർക്ക് ഒരു ബാഗ് മാവ് ലഭിക്കുമോ എന്ന് യാചിച്ചു.


ഭാഗ്യവശാൽ അടുക്കള ഇപ്പോഴും പ്രവർത്തിക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ താമസിക്കുന്നത്. എട്ടു വയസ്സുള്ള എന്റെ അനന്തരവൾ ദാന എല്ലാ ദിവസവും അവളുടെ കൂട്ടുകാർക്കൊപ്പം അവളുടെ ഊഴത്തിനായി കാത്തിരിക്കും. ഒരു സ്പൂൺ ഭക്ഷണം കിട്ടിയാൽ മതി അവൾ ഓടി തിരിച്ചെത്തും. ഭക്ഷണം തീരുന്നതിന് മുമ്പ് അവളുടെ ഊഴം വന്നില്ലെങ്കിൽ ഈ ലോകം എത്ര ചീത്തയാണെന്ന് പരാതിപ്പെട്ടുകൊണ്ട് അവൾ കണ്ണീരോടെ മടങ്ങും.

റമദാനിൽ ഒരു ദിവസം ഞങ്ങളുടെ വീടിനടുത്തുള്ള അൽ മുഫ്തി സ്കൂളിളെ അഭയാർഥിയായ ഒരു ആൺകുട്ടി ഭക്ഷണം വാങ്ങാനുള്ള കഠിനമായ ശ്രമത്തിനിടെ ചാരിറ്റി അടുക്കളയിൽ പാചകം ചെയ്യുന്ന ചൂടുള്ള ഭക്ഷണത്തിന്റെ കലത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. അതിൽ കിടന്ന് ജീവൻവെടിഞ്ഞു.

അതിർത്തി അടച്ചിട്ട് ഏകദേശം ഒന്നര മാസത്തിനുശേഷം എല്ലായിടത്തും ക്ഷാമത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം അവയെ കാണുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങുക, അതിവേഗം ഭാരം കുറയുക, വിളറിയ മുഖങ്ങൾ, ദുർബലമായ ശരീരങ്ങൾ. പടികൾ കയറുന്നത് ഇപ്പോൾ നമുക്ക് ഇരട്ടി പരിശ്രമം ആവശ്യമാണ്.

രോഗം വരുന്നത് എളുപ്പവും സുഖം പ്രാപിക്കാൻ കൂടുതൽ ബുദ്ധിമുട്ടുമായി മാറിയിരിക്കുന്നു. എന്റെ അനന്തരവൻമാരായ 18 മാസം പ്രായമുള്ള മുസ്അബിനും രണ്ട് വയസ്സുള്ള മുഹമ്മദിനും റമദാൻ മാസത്തിൽ കടുത്ത പനിയും മറ്റെ​ന്തൊക്കെയോ രോഗ ലക്ഷണങ്ങളും ഉണ്ടായി. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അഭാവം കാരണം അവർക്ക് സുഖം പ്രാപിക്കാൻ ഒരു മാസം മുഴുവൻ എടുത്തു.

ഫെബ്രുവരി അവസാനം നടത്തിയ നേത്ര ശസ്ത്രക്രിയക്കു ശേഷമുള്ള സങ്കീർണതകൾ കാരണം എന്റെ മാതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. പോഷകാഹാരക്കുറവും സുഖം പ്രാപിക്കാൻ ആവശ്യമായ മരുന്നിന്റെ അഭാവവും അവരുടെ അവസ്ഥ വളരെയധികം വഷളാക്കി.

എനിക്ക് തന്നെ സുഖമില്ലായിരുന്നു. അതിർത്തി അടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ നുസൈറത്തിലെ അൽ അവ്ദ ആശുപത്രിയിൽ രക്തം ദാനം ചെയ്തിരുന്നു. ഇത് എന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഇപ്പോൾ, ശരീരഭാരം കുറയൽ, കടുത്ത ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാൽ ഞാൻ കഷ്ടപ്പെടുന്നു. ഡോക്ടറെ സമീപിച്ചപ്പോൾ ടിന്നിലടച്ച ഭക്ഷണം കഴിക്കുന്നത് നിർത്താനും കൂടുതൽ പഴങ്ങളും മാംസവും കഴിക്കാനും അദ്ദേഹം എന്നോട് പറഞ്ഞു. താൻ പറയുന്നത് അസാധ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് മറ്റെന്താണ് പറയാൻ കഴിയുക?


ഈ സാഹചര്യത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം ഒരുപക്ഷേ കൊച്ചുകുട്ടികൾക്ക് വിശപ്പിനെക്കുറിച്ച് വിശദീകരിക്കേണ്ടിവരിക എന്നതാണ്. ഞങ്ങൾക്ക് നൽകാൻ കഴിയാത്ത കാര്യങ്ങൾ കഴിക്കരുതെന്ന് ആവശ്യപ്പെടാൻ എന്റെ മക്കൾക്കും മരുമക്കൾക്കും കഴിയില്ല. ഭക്ഷണം മറച്ചുവെച്ച് അവരെ ശിക്ഷിക്കുന്നില്ലെന്നും അത് നമ്മുടെ പക്കലില്ലെന്നും അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ പാടുപെടുന്നു.

അഞ്ചു വയസ്സുള്ള ഖാലിദ് മാതാവിന്റെ ഫോണിൽ ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിക്കൊണ്ടു തന്നെ എല്ലാ ദിവസവും മാംസം ചോദിച്ചുകൊണ്ടേയിരിക്കുന്നു. അവൻ ചിത്രങ്ങളിലേക്ക് തുറിച്ചുനോക്കി തന്റെ രക്തസാക്ഷിയായ പിതാവിന് സ്വർഗത്തിൽ ഇതെല്ലാം കഴിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. പിന്നെ പിതാവിനോടൊപ്പം ചേരാനും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും എപ്പോഴാണ് തന്റെ സ്വന്തം ഊഴം വരുന്നതെന്നും ചോദിക്കുന്നു. ഉത്തരം പറയാൻ ഞങ്ങൾ പാടുപെടുകയാണ്. ക്ഷമയോടെയിരിക്കാൻ ഞങ്ങൾ അവനോട് പറയുന്നു. അവന്റെ ക്ഷമക്ക് പ്രതിഫലം ലഭിക്കുമെന്നും മാത്രം പറഞ്ഞുകൊടുക്കുന്നു.

ക്ഷാമത്തിന്റെയും നിരാശയുടെയും ദൈനംദിന കാഴ്ചകൾ കാണുമ്പോൾ എനിക്ക് നിസ്സഹായത തോന്നുന്നു. കുട്ടികളുടെ ശരീരം മെലിഞ്ഞു ദുർബലമാകുന്നതും രോഗികളും പരിക്കേറ്റവരും പതുക്കെ മരിക്കുന്നതും കാണുമ്പോൾ ലോകത്തിന് എങ്ങനെ നിശബ്ദത പാലിക്കാൻ കഴിയുമെന്ന് ഞാൻ സ്വയം ചോദിക്കുന്നു. ബോംബാക്രമണം, പട്ടിണി, രോഗം എന്നിവയിലൂടെ നമ്മെ കൊല്ലാൻ അധിനിവേശം എല്ലാ രീതികളും ഉപയോഗിക്കുന്നു. ഒരു കഷ്ണം അപ്പത്തിനായി യാചിക്കുന്നതിലേക്ക് നാം ചുരുങ്ങി. ലോകം മുഴുവൻ അത് കാണുകയും അത് പോലും നൽകാൻ കഴിയില്ലെന്ന് നടിക്കുകയും ചെയ്യുന്നു.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza childrenGaza WarGaza GenocideFamine in Gaza
News Summary - My nephew asks if he will eat meat only in heaven. I struggle to answer
Next Story