‘എന്‍റെ അറസ്റ്റ് ലണ്ടൻ പദ്ധതിയുടെ ഭാഗം’; രണ്ടാമത്തെ വിഡിയോ പുറത്തുവിട്ട് ഇംറാൻ ഖാൻ; സംഘർഷം തുടരുന്നു
text_fieldsലാഹോർ: തന്നെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാൻ. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ലണ്ടൻ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കങ്ങളെന്ന് ഇംറാൻ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെ പുറത്തുവിട്ട മറ്റൊരു വിഡിയോയിലാണ് ഇംറാന്‍റെ വിമർശനം. ‘ഇത് ലണ്ടൻ പദ്ധതിയുടെ ഭാഗമാണ്, ഇംറാനെ ജയിലിൽ അടക്കാനും പി.ടി.ഐയെ ഇല്ലാതാക്കാനും നവാസ് ഷെരീഫിനെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കാനുമുള്ള കരാർ അവിടെ ഒപ്പുവച്ചു’ -വിഡിയോ സന്ദേശത്തിൽ ഇംറാൻ ആരോപിച്ചു. അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസ് നീക്കത്തെ പ്രവർത്തകർ ശക്തമായി ചെറുക്കുന്നതിനാൽ ലാഹോറിലെ ഇംറാന്‍റെ വസതിക്കു മുന്നിൽ രണ്ടാംദിനവും സംഘർഷം തുടരുകയാണ്.
ബുധനാഴ്ച രാവിലെയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിലെ സമാൻ പാർക്ക് വസതിക്കു ചുറ്റും വൻപൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ജനത്തിനുനേരെയുള്ള അതിക്രമം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഈമാസം 18ന് കോടതിയിൽ ഹാജരാകുമെന്ന് ഇതിനകം ഉറപ്പ് നൽകിയതാണെന്നും ഇംറാൻ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ലാഹോറിലെ വസതിക്കു മുന്നിൽ കവചിത വാഹനങ്ങളുമായി ഇസ്ലാമാബാദ് പൊലീസ് എത്തിയത്. 14 മണിക്കൂർ പിന്നിടുമ്പോഴും പൊലീസിന് വസതിക്കുള്ളിലേക്ക് കയറാനായിട്ടില്ല. നിരവധി പ്രവർത്തകരാണ് ഇംറാന് പിന്തുണയുമായി ഇവിടെ എത്തുന്നത്. തോഷഖാന കേസിൽ ഇംറാനെതിരേ കഴിഞ്ഞ ദിവസം കോടകതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തുടനീളം ഇംറാൻ അനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഇംറാനെതിരെ 80ഓളം കേസുകളുണ്ട്. എന്നാൽ, കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇംറാന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

